കോഴിക്കോട് - സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ' ഈ സദസ് ആരെ കബളിപ്പിക്കാന്‍ ' എന്ന തലക്കെട്ടിലാണ് രൂക്ഷവിമര്‍ശനങ്ങളുമായി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ എം എല്‍ എമാര്‍ പങ്കെടുക്കാത്ത നവകേരള സദസ്സ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് നൂറ് കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നു. കര്‍ഷക ആത്മഹത്യകളുടെ സങ്കട കണ്ണീരിനിടയിലും പെന്‍ഷന്‍ മുടങ്ങിയത് അടക്കമുള്ള ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലുമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആഢംബര ബസ്സില്‍ കറങ്ങുന്നതെന്ന് എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ലേഖനത്തില്‍ പ്രശംസിച്ചിട്ടുമുണ്ട്.