കോട്ടയം - ബിസിനസ് സംരംഭത്തിന് കെട്ടിട നമ്പര്‍ നിഷേധിച്ചതിന് റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രവാസി സംരംഭകനായ ഷാജി ജോര്‍ജ് ആണ് ഈ മാസം ഏഴാം തീയതി മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. 25 കോടി ചെലവിട്ട് സംരംഭം തുടങ്ങിയിട്ടും ചുവപ്പുനാടയില്‍ കുരുക്കിയിട്ട പഞ്ചായത്തിനെതിരായായിരുന്നു ഷാജിയുടെ പ്രതിഷേധം. എന്നാല്‍ പോലീസ് എത്തി ബലം പ്രയോഗിച്ച് നീക്കിയതിനെ തുടര്‍ന്ന് ഷാജി ജോര്‍ജ് റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇത് സംസ്ഥാനമാകെ വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂര്‍ കൊണ്ട് പ്രശ്നത്തിന് പരിഹാരവും ഉണ്ടാക്കി. കെട്ടിട നമ്പര്‍ അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഷാജി ജോര്‍ജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇപ്പോള്‍ പോലീസ് നോട്ടീസ് അയച്ചത്. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഷാജി ജോര്‍ജിനെതിരെ കേസെടുത്തതെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.