കാസര്‍കോഡ് - വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാറിന്റെ നവകേരള സദസ്സിന് ഇന്ന് കാസര്‍കോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ
പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സദസ്സിന്റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബസ് കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിച്ചത്. ജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിലാണ് നവകേരള സദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്.
പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 30 മീറ്റര്‍ ഉയരത്തിലുള്ള പന്തലാണ് ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വൈകിട്ട് 3.30ന് കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും.