കണ്ണൂര്‍- പരാതിക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നചിത്രം അയച്ചുകൊടുക്കാനാവശ്യപ്പെട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. ആലക്കോട് സ്വദേശിനിയായ 21കാരിയുടെ പരാതിയില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ പരാതി സെല്ലിലെ പോലീസുകാരനായ പയ്യന്നൂര്‍ സ്വദേശി രഞ്ജിത്തിനെതിരേയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. യുവതി ഇപ്പോള്‍ ടൗണ്‍ പോലീസ് പരിധിയിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസക്കാരിയാണ്. നേരത്തെ യുവതി സ്വന്തം പിതാവിനെതിരെ ആലക്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിതാവ് ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ നിരന്തരം ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി.
ഈ പരാതിയില്‍ പോലീസ് എടുത്ത നടപടി തൃപ്തികരമാണോ എന്നന്വേഷിക്കാനാണ് പോലീസുകാരന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്. പെറ്റീഷന്‍ ഫീഡ്ബാക്ക് അന്വേഷണത്തിനായി എസ്.പി നിയോഗിച്ച സെല്ലിലാണ് രഞ്ജിത്തിന് ജോലി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രഞ്ജിത്ത് യുവതിയെ ഫോണില്‍ വിളിച്ച് വസ്ത്രങ്ങള്‍ അഴിച്ചു കാണിക്കാനാവശ്യപ്പെട്ടത്. നഗ്‌ന ചിത്രം ആവശ്യപ്പെട്ടതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.