ഇന്ത്യയില്‍ നിന്നും പഠനത്തിന് യു. എസ് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടാന്‍ യു. എസ് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റെക്കോര്‍ഡ് വര്‍ധന. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

യു എസില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. 

2010ന് ശേഷം ആദ്യമായി ഇന്ത്യ ചൈനയെ മറികടന്ന് അമേരിക്കയിലെ അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ഉറവിടമായി. പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പരിചയസമ്പത്ത് നേടാന്‍ സഹായിക്കുന്ന താത്ക്കാലിക തൊഴില്‍ അനുമതിയായ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് നേടിയവരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിട്ടു നില്‍ക്കുന്നത്. 

ഇന്ത്യയിലെ യു. എസ് എംബസിയും കോണ്‍സുലേറ്റുകളും പ്രധാന സ്റ്റുഡന്റ് വിസാ സീസണായ 2023 ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ റെക്കോര്‍ഡ് നമ്പര്‍ സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്. ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലര്‍ ഓഫീസര്‍മാര്‍ 95,269 വിസകളാണ് അനുവദിച്ചത്. 2022-നെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിത്.

Latest News