മലപ്പുറം-സംസ്ഥാന സർക്കാരിന് കീഴിലുളള പുതിയ കേരള ബാങ്കിന്റെ ഡയരക്ടർബോർഡിൽ മുസ്ലിം ലീഗ് പ്രതിനിധി അംഗമായത് യു.ഡി.എഫിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കുന്നു.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും വള്ളിക്കുന്ന എം.എൽ.എയുമായ പി.അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയരക്ടറാക്കിയതിനെിരെ മുസ്ലിം ലീഗിൽ നിന്ന് തന്നെ എതിർപ്പുകൾ രൂക്ഷമായിരിക്കുകയാണ്. അബ്ദുല്‍ ഹമീദ് ജുതാസാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകൾ ഇന്നലെ മലപ്പുറം നഗരത്തിൽ പ്രത്യക്ഷപ്പെട്ടു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെട്ട പോസ്റ്ററുകൾ പിന്നീട് ആരോ ചീന്തികളഞ്ഞു.
അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയരക്ടറാക്കിയത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന സംശയം ബലപ്പെടുന്നുണ്ട്.കേരളത്തിലെ മറ്റെല്ലാ ജില്ലാ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചപ്പോഴും മലപ്പുറം ബാങ്ക് ലയനത്തിനെതിരെ നിയമപോരാട്ടം നടത്തി വരികയായിരുന്നു.സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയായാണ് കേരള ബാങ്ക് രൂപീകരണത്തെ യു.ഡി.എഫ് കണ്ടിരുന്നത്.അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ മുസ്്‌ലിം ലീഗിന്റെ പ്രതിനിധി തന്നെ കേരള ബാങ്കിന്റെ ഡയരക്ടർ ബോർഡിൽ അംഗമായത് ലീഗ് പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.ഏറെ പ്രവർത്തന പരിചയമുള്ള സഹകാരി എന്ന നിലയിലാണ് തന്നെ ബോർഡിൽ ഉൾപ്പെടുത്തിയെന്നാണ് പി.അബ്ദുൾ ഹമീദ് നൽകിയ വിശദീകരണം.മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാമും നിയമനത്തെ ന്യായീകരിച്ചിരുന്നു.നേരത്തെ സംസ്ഥാന സഹകരണ ബാങ്കിലും മുസ്ലിം ലീഗ് പ്രതിനിധിയുണ്ടായിരുന്നെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.അതേസമയം,ഫലസ്തീൻ വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസും ഇടഞ്ഞു നിൽക്കുന്നതിനിടെ സി.പി.എം.നിയന്ത്രണത്തിലുള്ള കേരള ബാങ്കിൽ മുസ്്‌ലിം ലീഗ് പങ്കാളിയായത് സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയത് സി.പി.എമ്മിന്റെ ചൂണ്ടയാണെന്ന് ലീഗിലെ ഒരു വിഭാഗം സംശയിക്കുന്നുണ്ട്.ഇക്കൂട്ടരാണ് ഇന്നലെ മലപ്പുറത്ത് പോസ്റ്ററുകൾ പതിച്ചതെന്നാണ് സംശയിക്കുന്നത്.പാർട്ടിയേയും പാർട്ടി അണികളേയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക എന്നാണു അബ്ദുൽ ഹമീദിന്റെ വലിയ ഫോട്ടോ ഉൾക്കൊള്ളുന്ന പോസ്റ്ററിൽ പറയുന്നത്. ജൂതാസ് എന്ന് വെണ്ടക്ക അക്ഷരത്തിൽ മുകളിൽ എഴുതിയിട്ടുമുണ്ട്. ലീഗ് മലപ്പുറം ജില്ലാ ഓഫീസിനു മുമ്പിലും, മലപ്പുറം കലക്ടറേറ്റിനു മുന്നിലും വഴികളിലും മലപ്പുറം കുന്നുമ്മലിലെ മഞ്ചേരി ബസ്‌റ്റോപ്പിലും ഉൾപ്പെടെയാണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
അബ്്ദുൾ ഹമീദിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.മലപ്പുറം ജില്ലാ ബാങ്കിന്റെ മുൻ പ്രസിഡന്റായ അബ്്ദുൾ ഹമീദ് നിലവിൽ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ്. സി.പി.എമ്മിന്റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിന്റെ നാമനിർദേശം. ഗോപി കോട്ടമുറിക്കൽ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയിൽ നിലവിൽ സി.പി.എം നേതാളും എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളുമാണുള്ളത്.കോൺഗ്രസിന് പ്രാതിനിധ്യമില്ലാത്ത ഡയരക്ടർ ബോർഡിൽ മുസ്്‌ലിം ലീഗിന് ഇടം കിട്ടിയത് കോൺഗ്രസിനെയും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്.മുസ്്‌ലിം ലീഗുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കോൺഗ്രസ് നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പാണക്കാടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുസ്്‌ലിം ലീഗ് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുമായി സഹകരിക്കുന്നത്.മുസ്്‌ലിം ലീഗ് ഇടതുപക്ഷവുമായി അടുക്കുകയാണെന്ന സംശയവും ഇതോടെ ബലപ്പെടുന്നുണ്ട്.
അതിനിടെ,കേരള ബാങ്കുമായി സഹകരിക്കാനുള്ള ലീഗ് നീക്കത്തെ ഐ.എൻ.എൽ സ്വാഗതം ചെയ്തു.ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുക്കാൻ തയ്യാറായ ലീഗ് നയമാറ്റം അഭിനന്ദനീയമാണെന്ന് ഐ.എൻഎൽ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കേരള ബാങ്ക് രൂപീകരണത്തിന്നെതിരെ സമരവും കേസും നടത്തിച്ചതിന് മുസ്്‌ലിംലീഗ് നേതാക്കൾ സ്വന്തം അണികളോട് മാപ്പ് ചോദിക്കാൻ കൂടി തയ്യാറാവണമെന്നും ഐ.എൻ.എൽ പറഞ്ഞു.