മഞ്ചേരി-പയ്യനാട് കാരേപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മമ്പാട് സ്വദേശി വല്ലാഞ്ചിറ വീട്ടിൽ ബഷീറിന്റെ മകൻ അബ്ദുൾ ബാസിത് (30) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. ചെറുകുളം റോഡിൽ നിർത്തിയിട്ട സ്‌കൂൾ ബസിനെ അബ്ദുൾ ബാസിത് സഞ്ചരിച്ച ബൈക്ക് മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നു വന്ന മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എതിരെ വന്ന ബൈക്കിലെ യാത്രക്കാരനായ കെ. ഫർഹാൻ(19) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇകെസി കോളജിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് ഫർഹാൻ. കുട്ടിപ്പാറയിലെ ടൈൽസ് ഗോഡൗണിലെ ജീവനക്കാരനാണ് മരിച്ച ബാസിത്. ജോലിക്ക് വരുന്നതിനിടെയാണ് അപകടം. മഞ്ചേരി എസ്‌ഐ കെ. ബാബു ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ പോലീസ് സർജൻ കെ. പ്രജിത് പോസ്റ്റ്മോർട്ടം നടത്തി. ബാസിതിന്റെ ഭാര്യ: ഷഹബിന (കാരക്കുന്ന്). മകൻ: അലൻ ബാസിത് (പത്തുമാസം). സഹോദരങ്ങൾ: ഹിബ ബഷീർ, ബാസിം, ബസാം. മാതാവ്: വലിയപറമ്പൻ ആബിദ (അരീക്കോട്).