Sorry, you need to enable JavaScript to visit this website.

'മറ്റൊരു ലോകം സാധ്യമാണ്' കേരള സോഷ്യൽ ഫോറത്തിന്റെ സംവാദം

മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രഖ്യാപനത്തോടെ നവംബർ 25, 26 തീയതികളിൽ തൃശൂരിൽ വെച്ച് കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള കലാസാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക സംഘടനകളും വിവിധ തൊഴിലാളി പ്രസ്ഥാനങ്ങളും ആദിവാസി, ദളിത്, സ്ത്രീ, ക്വിയർ, മത്സ്യത്തൊഴിലാളി കൂട്ടായ്മകളും മറ്റു യുവജന സംഘടനകളും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും ചേർന്നുകൊണ്ട് സമൂഹത്തിലെ വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്ന  വേൾഡ് സോഷ്യൽ ഫോറം അടുത്ത വർഷം ഫെബ്രുവരി 15 മുതൽ 19 വരെ നേപ്പാളിലെ കാട്മണ്ഡുവിൽ വെച്ച് സംഘടിപ്പിക്കപ്പെടുകയാണ്. മാത്രമല്ല, ഡിസംബർ 2 മുതൽ 4 വരെ ബിഹാറിലെ പട്‌നയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രാദേശിക സോഷ്യൽ ഫോറം സംഘാടനവുമായി ബന്ധപ്പെട്ടാണ് കേരളത്തിലും സോഷ്യൽ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.
2001 ലാണ് ബ്രസീലിൽ ആദ്യത്തെ വേൾഡ് സോഷ്യൽ ഫോറം നടക്കുന്നത്. ആഗോളീകരണവും ഉദാരീകരണവും ശക്തി പ്രാപിക്കുകയും മിക്ക രാജ്യങ്ങളും സാമ്പത്തിക ഭരണക്രമത്തിലേക്ക് മാറുകയും ചെയ്തതോടെ വേൾഡ് ഇക്കണോമിക് ഫോറം തുടങ്ങിയ കൂട്ടായ്മകൾ ലോകത്തെ നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി. അടച്ചിട്ട മുറികളിൽ ഇവർ എടുക്കുന്ന തീരുമാനങ്ങളിൽ പൊതുസമൂഹത്തിന്റെ ആശകളും ആശങ്കകളും ആശയങ്ങളും അവഗണിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് 2001 ലെ വേൾഡ് ഇക്കണോമിക് ഫോറം യോഗം നടക്കുന്ന സമയത്ത് തന്നെ ജനകീയ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആദ്യ വേൾഡ് സോഷ്യൽ ഫോറം സംഘടിപ്പിക്കപ്പെട്ടത്. സിവിൽ സമൂഹത്തിനും ജനകീയ കൂട്ടായ്മകൾക്കും തുറന്ന സംവാദങ്ങൾക്കും ആശയ പ്രചാരണത്തിനുമുള്ള വേദിയായാണ് വേൾഡ് സോഷ്യൽ ഫോറം വിഭാവനം ചെയ്യപ്പെട്ടത്. വേൾഡ് സോഷ്യൽ ഫോറത്തിന്റെ ചുവടുപിടിച്ച് പ്രാദേശിക സോഷ്യൽ ഫോറങ്ങളും ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഡെമോക്രസി, ഡൈവേഴ്‌സിറ്റി, ഇൻക്ലൂസീവ്‌നെസ്സ് എന്ന മൂന്നു മുഖ്യ പ്രതിപാദ്യ വിഷയങ്ങളിലൂന്നി രണ്ടു ദിവസങ്ങളിലായി കേരള സംഗീത നാടക അക്കാദമി കാമ്പസിൽ സംഘടിപ്പിക്കപ്പെടുന്ന കേരള സോഷ്യൽ ഫോറത്തിൽ 16 ഓളം സമാന്തര സെഷനുകൾ 4 പ്ലീനറി സെഷനുകൾ എന്നിവയിലായി മുഖ്യ പ്രഭാഷണങ്ങൾ, വിഷയാധിഷ്ഠിത സംവാദങ്ങൾ, എക്‌സിബിഷനുകൾ, കാമ്പയിനുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. 
വികസനവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും തൊഴിലും ആരോഗ്യവും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും സമുദായങ്ങളുടെയും  ആശങ്കകളും കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും  ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സവിശേഷ പ്രശ്‌നങ്ങളും  വികസനത്തിന്റെ പേരിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രതിസന്ധികളും, സാമൂഹ്യ പ്രവർത്തകരും സംഘടനകളും നേരിടുന്ന പ്രശ്‌നങ്ങളും തുടങ്ങി രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിന്റെ മുഴുവൻ പ്രാധാന്യത്തോടും കൂടി കേരള സോഷ്യൽ ഫോറം ചർച്ച ചെയ്യും. 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1975 ലെ അടിയന്തരാവസ്ഥയേക്കാൾ കൂടുതൽ  വെല്ലുവിളികൾ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നേരിടുന്ന സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഉൾപ്പെടെ ജനങ്ങളെ വിഭജിക്കുവാനും പരസ്പരം വിദ്വേഷം വളർത്തുവാനും ഉള്ള ശ്രമങ്ങൾ ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ നടക്കുകയാണ്. 
പിൽക്കാലത്ത് എഴുതിച്ചേർക്കപ്പെട്ടത് ആണെങ്കിലും മതേതരത്വവും സോഷ്യലിസവും ഇന്ത്യയുടെ ശക്തിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതു രണ്ടും ഇന്ന് നിരന്തരം തമസ്‌കരിക്കപ്പെടുകയാണ്. കോർപറേറ്റ്‌വൽക്കരണത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സാമ്പത്തിക നയങ്ങൾ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അനുദിനം വർധിപ്പിക്കുകയും സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. വൻകിട കോർപറേറ്റുകൾക്ക് നികുതിപ്പണം കൊണ്ട് കൈയയച്ച് സഹായങ്ങൾ നൽകുമ്പോഴും സാധാരണക്കാരുടെ നിലനിൽപിന് ആവശ്യമായ സാമൂഹിക സുരക്ഷ പദ്ധതികൾ ഭരണകൂടങ്ങൾ ഇല്ലാതാക്കുകയാണ്. 
ജനാധിപത്യത്തെ നിലനിർത്തുന്ന നാല് തൂണുകളിൽ  ഭരണകൂടം മാത്രം ഏറെ ഉയർന്നു നിൽക്കുകയും  മറ്റുള്ളവ ഭരണകൂടത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയുള്ള സുപ്രധാന സംവിധാനങ്ങൾ പോലും ഇന്ന് സ്വതന്ത്രമല്ല. കോടതികൾ പലപ്പോഴും നിസ്സംഗവും നിസ്സഹായവും ആകുന്നു. മാധ്യമങ്ങളിൽ നല്ലൊരു പങ്കും ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറിക്കഴിഞ്ഞു. അല്ലാത്ത മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയോ വിലയ്ക്ക് എടുത്തോ അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങൾ തന്നെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. എതിർ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയോ സൈബർ ഇടത്തിൽ അടിച്ചിരുത്തുകയോ ചെയ്യുന്ന പ്രവണത നിർഭാഗ്യവശാൽ കേരളത്തിലും വർധിക്കുകയാണ്. ഈയൊരു സാമൂഹിക സാഹചര്യത്തിലാണ് ഈ വിഷയങ്ങളെല്ലാം ഉൾച്ചേർത്തുകൊണ്ടുള്ള ചർച്ചകൾ മുന്നോട്ടു വെച്ച് കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.
വികസനവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും തൊഴിലും ആരോഗ്യവും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും സമുദായങ്ങളുടെയും പ്രശ്‌നങ്ങളും ആശങ്കകളും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും കലാസാംസ്‌കാരിക ഇടപെടലുകളും അതിന്റെ മുഴുവൻ പ്രാധാന്യത്തോടും കൂടി ജനാധിപത്യപരമായ രീതിയിൽ ഫോറത്തിൽ ചർച്ച ചെയ്യും. 
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങളും സവിശേഷമായി നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും വെല്ലുവിളികളും ജനകീയമായി വിശകലനം ചെയ്യും. 
ഉദാഹരണമായി കേരളത്തിൽ നിന്നു വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കൗമാര - യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും വയോജന ജനസംഖ്യയിലെ ആനുപാതികത്തേക്കാൾ കൂടിയ വർധനയും ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മറുവശത്ത് കായിക തൊഴിലുകൾക്കായി കേരളത്തിലേക്കൊഴുകുന്ന ഇതര സംസ്ഥാനക്കാരുടെ പ്രശ്‌നങ്ങളും ഫോറത്തിൽ ചർച്ചാവിഷയമാകും. 

Latest News