Sorry, you need to enable JavaScript to visit this website.

ജാതിബോധത്തിലെ രാഷ്ട്രീയം

ജാതി ചിന്തയുടെയും സവർണ മേൽക്കോയ്മയുടെയും അദൃശ്യ കരങ്ങൾ, നവോത്ഥാന മൂല്യങ്ങളുടെ പ്രഘോഷണങ്ങളെ തട്ടിമാറ്റി ദൃശ്യകരങ്ങളായി തെളിഞ്ഞുവരുന്ന സാമൂഹികാന്തരീക്ഷമാണ് സമകാലീന കേരളത്തിന്റെ മുഖമുദ്ര. നാട്ടിൽ നടക്കുന്ന ഓരോ ചെറിയ സംഭവങ്ങളും അധീശത്വ മനോഭാവങ്ങളുടെ ആക്രമണോത്സുകമായ കടന്നുവരവിന്റെ പ്രത്യക്ഷോദാഹരണങ്ങളായി മാറുന്നു. ജാതി പറയാനും ജാതീയമായി ചിന്തിക്കാനും ലജ്ജിക്കുന്ന മലയാളി പതുക്കെ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ ഏറ്റവും വലിയ അപകടമെന്നത്, ജാതിവേലിക്ക് പുറത്തുള്ള അസ്പൃശ്യർ വരെ, സവർണ മേലാളത്വത്തിന് സ്തുതിഗീതം പാടുന്ന തരത്തിൽ ജാതിയെ രാഷ്ട്രീയവത്കരിക്കാൻ സാധിച്ചിരിക്കുന്നു എന്നതാണ്.
കേരളീയ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്നായിരുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ വിവാദം കേരളത്തിന്റെ മാറിവരുന്ന മനോഭാവത്തിന്റെ മകുടോദാഹരണമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ാം വാർഷിക ചടങ്ങിനു വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ ക്ഷണക്കത്ത് ആ പ്രക്ഷോഭത്തെ അവഹേളിക്കുന്ന തരത്തിൽ രാജഭരണത്തെ വാഴ്ത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉദ്ധരിക്കാം:
ക്ഷേത്രപ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി വൈക്കത്ത് നടന്നതുൾപ്പെടെയുള്ള ഐതിഹാസിക പോരാട്ടങ്ങളെ അവഹേളിക്കുന്ന തരത്തിലായിപ്പോയി  ക്ഷണപത്രം. അവർണന് പൊതുനിരത്തിലൂടെ നടക്കാനോ ക്ഷേത്രത്തിൽ ആരാധന നടത്താനോ അവകാശമില്ലാതിരുന്ന നാളുകളിൽ ഉൽപതിഷ്ണുക്കളും നിസ്വാർഥരുമായ ആയിരങ്ങൾ തല്ലുകൊണ്ടും അപമാനിക്കപ്പെട്ടും സമരം ചെയ്ത് നേടിയെടുത്ത വിളംബരം തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ഔദാര്യമാണെന്ന തരത്തിൽ ചിത്രീകരിച്ച ക്ഷണപത്രം ബോർഡിന്റെ പുരാവസ്തു വിഭാഗം ഡയറക്ടർ ബി. മധുസൂദനൻ നായരുടെ പേരിലാണ് പുറത്തു വന്നത്. ചടങ്ങിന്റെ ഉദ്ഘാടകൻ സ്ഥാനമൊഴിഞ്ഞ ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനായിരുന്നു. 
വിവാദത്തെ തുടർന്ന് ക്ഷണപത്രം പിൻവലിച്ചു, ബി. മധുസൂദനൻ നായരെ സ്ഥലംമാറ്റി. രാജകുടുംബാംഗങ്ങൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു. എങ്കിലും കൊടിയ മർദനങ്ങളും മറ്റു പീഡനങ്ങളും അനുഭവിച്ച സമര ഭടന്മാരെയും നവോത്ഥാന നായകരെയും വിസ്മരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ എന്തു പേരിട്ടാണ് വിശേഷിപ്പിക്കേണ്ടത്? ഇത്തരം ക്ഷണപത്രങ്ങൾ തയാറാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചരിത്രബോധമില്ലാത്ത ഉന്നതരുടെ മാനസിക നിലയാണ് പരിശോധിക്കേണ്ടത്.
ക്ഷേത്രത്തിൽ കയറാൻ മാത്രമല്ല, പഠിക്കാനും സർക്കാർ ജോലി ലഭിക്കാനും വഴി നടക്കാനും മാറുമറയ്ക്കാനും എന്തിന് മാലയണിയാനും പശുവിനെ വളർത്താനും വരെ കേരളത്തിലെ പിേന്നാക്ക സമൂഹം സമരം ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു ഗതികേട് ലോകത്ത് മറ്റൊരിടത്തും ഉണ്ടായിക്കാണാനിടയില്ല. പിറന്ന ജാതിയുടെ പേരിൽ ഹിന്ദുക്കളിലെ പിേന്നാക്ക വിഭാഗങ്ങൾ നൂറ്റാണ്ടുകൾ അനുഭവിച്ച ഇത്തരം പീഡനങ്ങളും അപമാനങ്ങളും വിവരണാതീതമാണ്. അവർണരുടെ ക്ഷേത്ര പ്രവേശനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ശക്തിയുക്തം എതിർത്തിരുന്ന സവർണ സമൂഹത്തിലെ പുരോഗമനവാദികളും കൂടി ചേർന്ന് സമരം ചെയ്ത് നേടിയെടുത്തതാണ് ക്ഷേത്രപ്രവേശന വിളംബരം.
കാര്യം ഇങ്ങനെയാണെങ്കിലും ആരാണ് അവർണർക്ക് ക്ഷേത്രപ്രവേശം സാധ്യമാക്കിയത് എന്നതു സംബന്ധിച്ച ഒരു ചർച്ച ഈ വിവാദത്തിന്റെ മറപറ്റി പതുക്കെ കേരളീയ സാമൂഹികാന്തരീക്ഷത്തിൽ പടരുന്നുണ്ട്. തെറ്റായ ചരിത്രവസ്തുതകളും നുണകളും കൊണ്ട് ഒരു ജനതയെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കാമെന്ന് വിചാരിക്കുന്ന ആസൂത്രിത പ്രചാരകർ, സാമൂഹിക മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളു ടെയും സഹായത്തോടെ അഴിച്ചുവിടുന്ന പ്രചാരവേല പതുക്കെ ശക്തിയാർജിക്കുമെന്നതിൽ സംശയമില്ല. പിന്നോക്ക ജാതിക്കാർ കൊടിയ പീഡനങ്ങളനുഭവിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും നേടിയെടുത്ത അവകാശങ്ങളത്രയും ഒറ്റയടിക്ക് റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്. മലയാളി മനസ്സിൽ ഇപ്പോഴും പച്ച പിടിച്ചുനിൽക്കുന്ന രാജഭക്തിയെന്ന ലളിതവത്കരണത്തിലൂടെ തള്ളിക്കളയാവുന്ന ഒരു വിവാദമല്ലിത്. ശബരിമലയിലെ സ്ത്രീപ്രവേശ വിവാദം, എൻ.എസ്.എസിന്റെ നാമജപ യാത്രകൾ, ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെ യും ഹിന്ദുബോധവത്കരണ പരിപാടികൾ എന്നിവയൊക്കെ ജാതി അധീശ ചിന്തകളുടെ പുനഃസ്ഥാപനമാണ് ലക്ഷ്യമിടുന്നതെന്ന് കാണാം.
എന്നാൽ പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി പുനരുജ്ജീവനം തേടുന്ന ഈ ജാതീയതക്ക് ഒരു വ്യത്യാസമുണ്ട്. അത് ഹിന്ദുത്വ രാഷ്ട്രീയവുമായി അതിനുള്ള ബന്ധമാണ്. ജാതിവ്യത്യാസങ്ങൾക്കതീതമായി ഹിന്ദുവിനെ ഉണർത്താനും ഒന്നിപ്പിക്കാനുമുള്ള വലിയ രാഷ്ട്രീയ യജ്ഞത്തിന്റെ ഭാഗമായിത്തന്നെയാണ് ഈ സവർണ മേലാളത്വം ഉയർന്നുവരുന്നതെന്നത് വൈരുധ്യമായി തോന്നാം. എന്നാൽ മേലാള-കീഴാള ബോധത്തിന്റെ തിരിച്ചുവരവ്, രാഷ്ട്രീയ ഐക്യസ്ഥാപനത്തിനുള്ള മൂലധനമായി ഉപയോഗിക്കുകയാണ് ഹിന്ദുത്വം. 
പിന്നോക്ക ജാതികളിൽ ഇപ്പോഴും അന്തർലീനമായിട്ടുള്ള കീഴാള ബോധത്തെ തട്ടിയുണർത്തുകയും നമ്മളെല്ലാം ഒന്നാണെന്ന വ്യാജബോധം സൃഷ്ടിക്കുകയുമാണ് ഇപ്പോൾ സവർണാധിപത്യം ചെയ്യുന്നത്. ഇതിലൂടെ ഒരു ഹിന്ദു ഐക്യം സ്ഥാപിക്കപ്പെടുമെന്ന് അവർ കരുതുന്നു. 
അത്തരം തീവ്രമായ മതസ്വത്വത്തെ അടിസ്ഥാനമാക്കിയാണ് യഥാർഥ വോട്ടുബാങ്ക് രാഷ്ട്രീയം ഉടലെടുക്കുന്നത്. രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളും മതത്തിന്റെ പേരിൽ ഒന്നിച്ചു നിൽക്കുമ്പോൾ, സ്വഭാവികമായും ജനാധിപത്യത്തിൽ അത് സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതായിരിക്കുമെന്ന് പറയേണ്ടതില്ല. അങ്ങനെ ഹിംസാത്മക വർഗീയതയുടെ തേരോടിച്ചുകൊണ്ടു തന്നെ മതരാഷ്ട്രം സാധ്യമാകുമെന്ന നിഗമനത്തിലാണ് ഇതത്രയും നടക്കുന്നത്.
മറ്റൊരു ഉദാഹരണം നോക്കാം: നടൻ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയും പോലീസ് കേസും കേരളം കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കുക. സവർണ മേലാളത്വത്തിന്റെ ആൾരൂപമായി കേരളീയ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നയാളാണ് രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെക്കുകയും തലോടുകയും ചെയ്‌തെന്ന പരാതി ഉയർന്നതിന് ശേഷം അദ്ദേഹത്തെ പരസ്യമായി ആശ്ലേഷിക്കാനും ചേർന്നുനിൽക്കാനും നിരവധി സ്ത്രീകൾ മുന്നോട്ടു വരികയുണ്ടായി. ഒരു സ്ത്രീയുടെ അന്തസ്സ് കെടുത്തുംവിധമുള്ള പെരുമാറ്റത്തെ നീതീകരിക്കുന്നുവെന്ന് മാത്രമല്ല, വിധേയപ്പെടാൻ തങ്ങൾ തയാറാണ് എന്ന സന്ദേശം നൽകുകയും ചെയ്യുകയായിരുന്നു ഈ സ്ത്രീകൾ. ഇത്തരത്തിലുള്ള ഒരു പ്രകടനം നാം കണ്ടത് ശബരിമല സ്ത്രീപ്രവേശ വിവാദവുമായി ബന്ധപ്പെട്ട കാലത്തായിരുന്നു. പുരോഗമന കാലത്തെ സ്ത്രീകൾ ഒന്നടങ്കം സ്വാഗതം ചെയ്യുമെന്ന് കരുതിയ ഒരു സുപ്രീം കോടതിയെ വിധിയെ എത്ര പ്രതിലോമപരമായാണോ ഒരു വിഭാഗം സ്ത്രീകൾ കൈകാര്യം ചെയ്തത്, അത്ര തന്നെ പ്രതിലോമപരമായിരുന്നു സുരേഷ് ഗോപി ആശ്ലേഷകാഴ്ചകൾ. അത് സൃഷ്ടിക്കുന്ന അരോചകമായ അശ്ലീലതക്കപ്പുറം, പകരുന്ന രാഷ്ട്രീയ സന്ദേശമാണ് കൂടുതൽ അപകടകരം.
നവോത്ഥാന കാലത്തെ സാമൂഹിക ചലനങ്ങൾ, ജാതി ചിന്തക്കെതിരായ രാഷ്ട്രീയ പോരാട്ടമായിരുന്നു എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് നാം വന്നുപെട്ടിരിക്കുന്ന സങ്കീർണാവസ്ഥയുടെ ആഴം ബോധ്യമാകുന്നത്. ജാതിയുടെ പേരിൽ വലിയൊരു വിഭാഗത്തെ മനുഷ്യനായിപ്പോലും പരിഗണിക്കാതെ മാറ്റിനിർത്തിയ കാലത്തിൽനിന്ന് വ്യത്യസ്തമായി, അതേ ജാതിചിന്തയെ പുനഃസ്ഥാപിച്ചുകൊണ്ട് അവരെ രാഷ്ട്രീയ പങ്കാളികളാക്കുകയെന്ന തന്ത്രമാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ജാതിരാഷ്ട്രീയം ഏറെ സ്വാധീനം ചെലുത്തിയ ഉത്തരേന്ത്യയിലെ കാഴ്ചകൾ പറയുന്നതും ഇതേ കഥ തന്നെയാണ്. ജാതീയമായ അടിച്ചമർത്തലിനെതിരെ രൂപീകൃതമായ പ്രസ്ഥാനങ്ങൾ പോലും ഉന്നത ജാതിക്കാരുടെ അഭിലാഷങ്ങൾക്കനുസരിച്ച് എണ്ണയിട്ട യന്ത്രമായി മാറിയ കാഴ്ചയാണവിടെ. 
ഒരേസമയം കീഴാള ജാതിക്കാരെ രാഷ്ട്രീയ വോട്ടുബാങ്കായി മാറ്റാനും സവർണാധീശത്വത്തെ അംഗീകരിക്കുന്നവരായി നിലനിർത്താനും കഴിയുകയെന്ന ഇരട്ട നേട്ടമാണ് ഹിന്ദുത്വം ലക്ഷ്യം വെക്കുന്നത്. അതിലേക്കുള്ള ഓരോ ചുവടും പക്ഷേ, നമ്മെ ഒരുപാട് കാലം പിന്നോട്ടു നടത്തിക്കുമെന്നുറപ്പാണ്. ഒരു ജനതയെന്ന നിലയിൽ നാം ആർജിച്ചെടുത്ത മൂല്യങ്ങളെയും നേട്ടങ്ങളെയും നിഷ്‌കരുണം ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്യലാവുമത്. വിവേകാനന്ദൻ കണ്ട ഭ്രാന്താലയത്തേക്കാൾ ഭീകരമായിരിക്കുമത്.

Latest News