ഇടുക്കി- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത് ദുരിത ബാധിത മേഖലകളില്‍ നേരിയ ആശ്വാസം പകര്‍ന്നു. 12 മണിക്കു പുറത്തു വിട്ട കണക്കു പ്രകാരം അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2400.80 അടിയായി താഴ്ന്നിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ മഴകുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഈ നില തുടര്‍ന്നാണ് തുറന്ന ഷട്ടറുകള്‍ അടച്ച് ജലം തുറന്നുവിടുന്നത് അവസാനിപ്പിച്ചേക്കും. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ അടക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ചരിത്രത്തിലാദ്യമായി അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 7.50 ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കി വിട്ടിരുന്നത്. അതിനിടെ, ആലുവയ്ക്കടുത്ത ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു. 1968.95 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി.