കോഴിക്കോട് - പട്ടാളക്കാർ ചേരി തിരിഞ്ഞ് തോക്കെടുത്ത സുഡാനിൽ നിന്ന് ജീവനുമായി രക്ഷപ്പെട്ടെത്തിയ കോഴിക്കോട് കൊടിനാട്ടുമുക്ക് ആലക്കൽ ആലിക്കോയ പറയുന്നു, കാണാപൊന്നു തേടി ആഫ്രിക്കൻ രാജ്യങ്ങളിൽ പോകുന്നവർ സൂക്ഷിക്കണമെന്ന്. കൊള്ളക്കാരേക്കാൾ മോശമായ പട്ടാളക്കാരിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നാട്ടിലെത്തിയതാണ് ആലിക്കോയയും കുടുംബവും. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഖനന പ്രവർത്തനങ്ങളിലേർപ്പെടുന്നത് അവിടത്തെ സ്വർണ ശേഖരം കണ്ടിട്ടാണ്. പക്ഷെ രാഷ്ട്രീയ അനിശ്ചിതത്വം ഈ ലക്ഷ്യത്തോടെ വരുന്നവർക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് ആലിക്കോയ പറയുന്നു. 12 വർഷം മുമ്പാണ് സുഡാനിലെത്തുന്നത്. അതിന് മുമ്പ് 14 വർഷം കുവൈത്തിൽ പ്രവാസിയായിരുന്നതിന്റെ അനുഭവം വെച്ചാണ് സുഡാനിലെത്തിയതെങ്കിലും തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളും ഏറ്റുമുട്ടലുകളും അവിടെ ഉണ്ടാവാറുണ്ട്. അത് പെട്ടെന്ന് തീരുന്നതായിരുന്നു. ഇപ്പോഴത്തെത് അങ്ങനെയാണെന്ന് തോന്നുന്നില്ല.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ പോലും സായുധ പട്ടാളം വീടുകളിലും മറ്റും കയറി കൊള്ളയടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുക പതിവായതിനാൽ ഒട്ടേറെ പേർ ദൂരദേശങ്ങളിലേക്ക് മാറിപ്പോയി. ഖദ്‌റുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ കോഴി ഫാം നടത്തുകയായിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുൽ ഗഫൂറിന്റേതായിരുന്നു ഫാം. ഗഫൂറിന്റെ കൂടെ 14 വർഷം കുവൈത്തിൽ ജോലി ചെയ്ത അനുഭവത്തിൽ സുഡാനിലേക്ക് അവസരം വന്നപ്പോൾ സ്വീകരിച്ചതാണ്. സുഡാനിലുണ്ടായിരുന്ന ഗഫൂറിന്റെ ബന്ധുക്കളെല്ലാം പല ഘട്ടങ്ങളിലായി തിരിച്ചുപോയി.
സ്ഥിതി വഷളായെന്ന് മനസ്സിലായപ്പോൾ മദ്‌ന എന്ന സ്ഥലത്തേക്ക് പോയി. അവിടെ ഒരു കുടുംബം ദരിദ്രരെങ്കിലും ഞങ്ങളെ സ്വീകരിച്ചു. കിടക്കാൻ ഇടവും ഭക്ഷണവും തന്നു. കാര്യങ്ങൾ നിയന്ത്രണത്തിലായെന്നും കുഴപ്പങ്ങൾ തീർന്നെന്നുമുള്ള വിവരത്തിൽ ഖദ്‌റുവിലേക്ക് മടങ്ങിയത് പൊല്ലാപ്പായി. ആ വിവരം തെറ്റായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ എന്നെ തോക്കുമായെത്തിയ രണ്ടു പട്ടാളക്കാർ തടഞ്ഞുവെച്ചു. പാലെടുക്കാൻ പോയതാണെന്ന് അറിയിച്ചെങ്കിലും വിട്ടില്ല. വീടെവിടെയെന്ന് ചോദിച്ചപ്പോൾ ചൂണ്ടിക്കാണിച്ചുകൊടുത്തു. അവിടെ ഫാമിലി ഉണ്ടോ എന്നായി ചോദ്യം. ഉണ്ടെന്ന് ഞാൻ പറഞ്ഞതും സമീപത്തുണ്ടായിരുന്ന പരിചയക്കാരനായ സുഡാനി പറഞ്ഞു. ഇയാൾ കളവ് പറയുകയാണ് ഫാമിലി ഇല്ലായെന്ന്. സുഡാനിക്ക് അപ്പോൾ തന്നെ കിട്ടി ഒരടി. എന്നോട് വീണ്ടും ചോദിച്ചപ്പോൾ ഇല്ല എന്ന് ഞാനും പറഞ്ഞു. എനിക്കും കിട്ടി അടി. ഞാൻ താഴെ വീണുപോയി. തോക്ക് ചൂണ്ടിയ പട്ടാളക്കാരനെ കൂടെയുള്ളയാൾ തടഞ്ഞില്ലായിരുന്നില്ലെങ്കിൽ തീർന്നുപോയേനെ. പണം എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്ന് പതിനായിരം എടുത്ത് കൊടുത്തു. അവർ പോയി. വാതിലടച്ച് അല്പം കഴിഞ്ഞപ്പോൾ മുട്ടുകേട്ടു. പെട്ടെന്ന് വാതിൽ തുറന്നില്ല. നാട്ടുകാരായ ചിലരുടെ ശബ്ദം കേട്ടപ്പോഴാണ് വാതിൽ തുറന്നത്. പട്ടാളക്കാർ തന്നെയായിരുന്നു. നാട്ടുകാരിലെ ഒറ്റുകാർക്കറിയാം ഇവിടെ കൂടുതൽ പണം ഉണ്ടെന്ന്. അവർ ഭീഷണി മുഴക്കിയപ്പോൾ ഭാര്യ അകത്തുനിന്ന് പണ സഞ്ചി എടുത്ത് പുറത്തേക്ക് എറിഞ്ഞുകൊടുത്തു. ഭാര്യയുടെ കൈയിലെ വളകളും ഊരിക്കൊടുക്കേണ്ടിവന്നു.
എങ്ങനെയെങ്കിലും നാടു പിടിക്കാമെന്ന് വെച്ചാൽ വിമാനവുമില്ല. കൈയിൽ കാശുമില്ല. ഭാര്യക്ക് പരിചയമുള്ള ഒരു ടീച്ചറുടെ സഹായത്താൽ പോർട് സുഡാനിൽ നിന്ന് വിമാനത്തിൽ കയറിപ്പറ്റാൻ കഴിഞ്ഞു. ഖത്തർ വഴി നാട്ടിലെത്താനായി. സ്വർണത്തിന്റെ ശേഖരം ഉണ്ടെന്ന ധാരണയിൽ സുഡാനിലേക്ക് പലരും വരുന്നുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം ഇല്ലായിരുന്നെങ്കിൽ സുഡാനിൽ അവസരങ്ങളുണ്ടായിരുന്നു. കോഴിക്കോട് സ്വദേശികളായ നാലഞ്ചു പേർക്ക് വിസ ശരിയാക്കിക്കൊടുത്തിരുന്നു. രണ്ടു പേര് വന്നുവെങ്കിലും അവർക്ക് സ്ഥിതി മോശമായതിനാൽ തിരിച്ചുപോകേണ്ടിവന്നു. വർഷങ്ങൾക്ക് മുമ്പ് എത്തിയ കുറച്ച് തമിഴൻമാരും ഹിന്ദിക്കാരും സുഡാനിൽ ഉണ്ട്. അവിടെ വിദേശികൾക്ക് ഭൂമി വാങ്ങാനോ കൃഷി നടത്താനോ ഒന്നും തടസ്സമില്ല-ആലിക്കോയ പറഞ്ഞു.
സദ്ദാം ഹുസൈന്റെ അധിനിവേശത്തോടെ കുവൈത്തിൽ നിന്ന് മടങ്ങിയ ആലിക്കോയ കോഴിക്കോട്ട് ഹൂർലിൻ പർദയുടെ തുടക്കക്കാരനായിരുന്നു. പിന്നീട് വേറെ ബ്രാന്റിൽ പർദ ഇറക്കി. അങ്ങനെയിരിക്കെയാണ് സുഡാനിലേക്ക് പോയത്. തിരിച്ചെത്തിയിട്ട് രണ്ടു മാസമായി. വയസ്സ് അറുപതായെങ്കിലും രാഷ്ട്രീയ അസ്വസ്ഥത മാറിയാൽ തിരിച്ചുപോകണമെന്നാണ് കരുതുന്നത് ആലിക്കോയ പറഞ്ഞു.