Sorry, you need to enable JavaScript to visit this website.

സപ്ലൈകോയിലെ വിലവർധനവ് നവകേരള സദസ്സിനു ശേഷം; പഠിക്കാൻ മൂന്നംഗ സമിതി 

തിരുവനന്തപുരം - സപ്ലൈകോയിലെ 13 സാധനങ്ങളുടെ വിലവർധിപ്പിക്കാനുള്ള ഇടതു മുന്നണി യോഗ തീരുമാനത്തിന് പിന്നാലെ, സപ്ലൈകോയിലെ വിലവർധന നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. 
 ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പങ്കെടുത്ത യോഗത്തിൽ സപ്ലൈകോ സി.എം.ഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോർഡ് അംഗം രവി രാമൻ എന്നിവരാണ് സമിതിയിലുള്ളത്. സപ്ലൈകോയുടെ സമഗ്രമായ പരിഷ്‌കരണം സംബന്ധിച്ച് 15 ദിവസത്തിനകം റിപോർട്ട് നൽകണമെന്ന് ഭക്ഷ്യമന്ത്രി നിർദേശിച്ചു. നാളെ മുതൽ ആരംഭിക്കുന്ന പിണറായി സർക്കാറിന്റെ നവകേരള സദസ്സിന് ശേഷം വർധന നടപ്പാക്കാനാണ് തീരുമാനം.
 എല്ലാ അവശ്യവസ്തുക്കളും സമയത്ത് ലഭിക്കില്ലെങ്കിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് തീ വിലയിൽനിന്ന് വലിയൊരു ആശ്വാസമാണ് സപ്ലൈക്കോ. സപ്ലൈകോയിലും വിലവർധന നടപ്പാക്കുന്നതോടെ അതിന്റെ ഭാരവും സാധാരണക്കാർക്ക് പേറേണ്ടിവരും. വൈദ്യുതി ചാർജ് വർധനയ്ക്കു പിന്നാലെയാണ് സപ്ലൈക്കോയുടെ ഇരുട്ടടിയും ജനങ്ങളെ ബാധിക്കാനിരിക്കുന്നത്. അപ്പോഴും സർക്കാറിന്റെ ധൂർത്തിനും അവകാശവാദങ്ങൾക്കും മറ്റും യാതൊരു കുറവുമില്ലെന്നാണ് പൊതുജനങ്ങളുടെ വിമർശം. 
 എന്നാൽ, സപ്ലൈക്കോയെ നിലനിർത്താനാണ് വില വർധനവെന്നും അപ്പോഴും പൊതുവിപണിയിൽനിന്ന് വാങ്ങുന്നതിനേക്കാൾ 500 രൂപയെങ്കിലും ലാഭമുണ്ടാകുംവിധം വർധനവ് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നുമാണ് ഭക്ഷ്യമന്ത്രി പറയുന്നത്.

Latest News