തിരുവനന്തപുരം - ബംഗാൾ ഉൾക്കടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ കേരളത്തിൽ അടുത്ത മൂന്നുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമായ 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഇന്ന് രാത്രിയോ നാളെ രാവിലെയോ വടക്കുകിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തമിഴ്‌നാട് തീരത്തിനു സമീപവും അറബിക്കടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്.
നിലവിൽ ഒഡിഷ തീരത്തുനിന്നും കിഴക്ക് ദിശയിൽ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് തെക്ക് കിഴക്കു ദിശയിൽ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ അടുത്ത മൂന്നുദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.