പി.ടി ഉഷയെയും ബാഡ്മിന്റണ്‍ താരം സയ്‌ന നേവാളിന്റെ പേഴ്‌സണല്‍ ട്രയ്‌നര്‍ ക്രിസ്റ്റഫര്‍ പെഡ്രയെയും ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തില്‍ കോച്ചും ഫിസിയോയുമായി ഉള്‍പെടുത്തിയതിനെതിരെ വിവാദം മുറുകുന്നു. ഉഷയുടെ ശിഷ്യകളായ ടിന്റു ലൂക്കയും ജിസ്‌ന മാത്യുവും ഏഷ്യാഡ് സംഘത്തിലുണ്ട്. ഇതില്‍ ടിന്റുവിന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. ഒരു കായികക്ഷമതാ പരിശോധന കൂടിയുണ്ട്. എന്നിട്ടും ഉഷയെ 400 മീ., 800 മീ. കോച്ച് എന്ന പേരിലാണ് സംഘത്തില്‍ ഉള്‍പെടുത്തിയത്.
അതേസമയം, മെഡല്‍ പ്രതീക്ഷകളായ ദുതി ചന്ദ്, നീരജ് ചോപ്ര എന്നിവരുടെ കോച്ചുമാര്‍ക്ക് പി കാറ്റഗറി അക്രഡിറ്റേഷന്‍ മാത്രമേ ഉള്ളൂ. ഉഷക്കും ക്രിസ്റ്റഫറിനും അത്‌ലറ്റിക് ഗ്രാമത്തില്‍ താമസിക്കാം. എപ്പോഴും വേദികളില്‍ കയറിയിറങ്ങാം. അതേസമയം, പി കാറ്റഗറിയിലുള്ളവര്‍ക്ക് അത്‌ലറ്റിക് ഗ്രാമത്തിലോ മത്സര വേദികളിലോ പ്രവേശനമില്ല. അത്‌ലറ്റിക് ഗ്രാമത്തിനു പുറത്ത് സ്വന്തം താമസ സൗകര്യം കണ്ടെത്തണം. അത്‌ലറ്റിക് ഗ്രാമത്തിലെ പരിശീലന വേദികളിലേക്ക് ഡെയിലി പാസ് മാത്രമേ ഇവര്‍ക്ക് അനുവദിക്കൂ.
സാംബൊ കളിക്കാരന്‍ ശ്രീകാന്തിനെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. സാംബൊ ഫെഡറേഷന്‍ സെക്രട്ടറിയുടെ മകനായ ശ്രീകാന്തിനെ സംഘത്തില്‍ തിരുകിക്കയറ്റിയതായിരുന്നു.
572 കായിക താരങ്ങളും 184 കോച്ചുമാരുമുള്‍പ്പെടെ 756 അംഗ സംഘത്തിനാണ് അന്തിമ അനുമതി. ഇതില്‍ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ മത്സരിക്കുന്നവരുടെ എണ്ണം 51 ആണ്.