കൊച്ചി - പിണറായി സർക്കാറിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ യാചനാസമരവുമായി തെരുവിലിറങ്ങിയ അടിമാലിയിലെ മറിയക്കുട്ടിയ്(87)ക്കും അന്ന ഔസേപ്പി(80)നും തന്റെ എം.പി പെൻഷനിൽനിന്നും പ്രതിമാസം 1600 രൂപ നല്കുമെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി അറിയിച്ചു. ക്ഷേമപെൻഷൻ നാലുമാസം കുടിശ്ശികയായതിനെ തുടർന്ന് പ്രയാസപ്പെടുന്ന അടിമാലിയിൽ ഇരുവരെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളം തെറ്റായ കണക്കുകൾ നല്കിയതിനാലാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നല്കാതിരുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു. ചീഫ് സെക്രട്ടറി ശരിയായ കണക്കുകൾ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു.
പെട്രോൾ അടിക്കുമ്പോൾ രണ്ടുരൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നല്കാനാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ കണക്ക് അവതരിപ്പിക്കട്ടെ. രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു? ക്ഷേമപെൻഷൻ മാത്രം എത്ര കൊടുത്തു? ബാക്കി വകമാറ്റി വല്ലതും ചിലവാക്കിയോ? കാര്യങ്ങളെല്ലാം ജനങ്ങൾ അറിയുകയും കോടതി കാര്യങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്യട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലവർധനവിന് പുറമെ, ക്ഷേമപെൻഷൻ കുടിശ്ശികയുമായതോടെ ജീവിതം ദുസ്സഹമായതിനെ തുടർന്ന് മറിയക്കുട്ടിയും അന്ന ഔസേപ്പും കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്. ഇത് സർക്കാറിനെ പിന്തുണയ്ക്കുന്ന കേന്ദ്രങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇവരെ വിമർശിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിലൊന്ന് വാടകയ്ക്ക് നല്കിയിരിക്കുകയാണെന്നുമായിരുന്നു ദേശാഭിമാനിയുടെ കണ്ടെത്തൽ. പിന്നാലെ, വിഷയം തെറ്റാണെന്ന് കണ്ടത്തിയതോടെ പാർട്ടി മുഖപത്രം ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.
പെൻഷൻ ലഭിക്കാത്തതിന് പുറമെ വ്യാജപ്രചാരണം കൂടി ഉണ്ടായതോടെ വിഷയത്തിൽ മാനനഷ്ടക്കേസുമായി മറിയക്കുട്ടി കോടതിയെ സമീപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.