കോഴിക്കോട്- കനത്ത മഴയില്‍ നാടും വീടും വെള്ളത്തിലായി ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ ഉപജീവനത്തിന്റെ ഒരു ഭാഗം മാറ്റ് വച്ച മറുനാടന്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ താരമായി. കമ്പിളിപ്പുതപ്പുകള്‍ നടന്നു വില്‍പ്പന നടത്തുന്ന മധ്യപ്രദേശുകാരന്‍ വിഷ്ണുവാണ് മലയാളികളെ പോലും നാണിപ്പിച്ച് മാനവികതയുടെ മഹനീയ മാതൃകയായത്. കമ്പിളിപ്പുതപ്പ് വില്‍പ്പനയുമായി ഇരിട്ടി താലക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് അവിടുത്തെ ജീവനക്കാരില്‍ നിന്ന് പ്രളയം ദുരിതത്തെ കുറിച്ച് വിഷ്ണു അറിഞ്ഞത്. ദുരിതത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിഷ്ണു തന്റെ കയ്യിലുണ്ടായിരുന്ന 50 കമ്പളിപ്പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു സന്നദ്ധത അറിയിക്കുകയായിരുന്നു. വിഷണുവിന്റെ സഹായ അധികൃതര്‍ ഏറ്റുവാങ്ങി ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്തു.
കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി വിഷ്ണുവിന്റെ മഹാമനസ്‌കത. മറുനാടന്‍ തൊഴിലാളികളേയും വിഷ്ണുവിനെ പോലെ പുതപ്പും വസ്ത്രങ്ങളും വില്‍പ്പന നടത്തി ഉപജീവനം കണ്ടെത്തുന്നവരും ക്രിമിനലുകളാണെന്ന പ്രചാരണം ശക്തമായി നടക്കുന്ന സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ഇപ്പോള്‍ വിഷ്ണു എന്ന മറുനാട്ടുകാരന്‍ താരമായി മാറിയതും.