ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെക്കുറിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പലതവണ വെട്ടിയും തിരുത്തിയും കൂട്ടിച്ചേര്‍ത്തും അന്തിമ പട്ടിക പ്രഖ്യാപിച്ചെങ്കിലും പത്തോളം കേസുകളില്‍ അന്തിമ വിധി വരാനുണ്ട്. ഒഫിഷ്യലുകളുടെ പേരിലും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും (ഐ.ഒ.എ) സ്‌പോര്‍ട്‌സ് മന്ത്രാലയവും തമ്മില്‍ കശപിശ തുടരുകയാണ്.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗാണ് ഏഷ്യാഡ് സംഘത്തലവന്‍. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ബി.ജെ.പി എം.പി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലും പ്രതിയാണ്. ഒന്നിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബ്രിജ്ഭൂഷനെ സംഘത്തലവനാക്കിയതില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് സന്തോഷമേയുള്ളൂ.
അസിസ്റ്റന്റിന്റെ കാര്യത്തിലാണ് അവര്‍ക്ക് പ്രശ്‌നം. നാല് അസിസ്റ്റന്റുമാരിലൊരാളായ രാ്ജ്കുമാര്‍ സചേതി മുന്‍ ഐ.ഒ.എ അധ്യക്ഷനും കോണ്‍ഗ്രസ് എം.പിയുമായിരുന്ന സുരേഷ് കല്‍മാഡിയുടെ വലങ്കൈയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നേരിടുന്നുണ്ട് സചേതി.
സചേതിയുള്‍പ്പെടെ 12 ഒഫിഷ്യലുകളുടെ ചെലവ് വഹിക്കുന്നത് ഐ.ഒ.എയാണ്. അതിനാല്‍ ഇവരുടെ പേര് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് ഐ.ഒ.എ നല്‍കിയിട്ടില്ല. അതിന്റെ പേരിലുള്ള ശീതസമരം മൂര്‍ഛിക്കുകയാണ്. കറപുരണ്ടവരെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പെടുത്തില്ലെന്നാണ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ നിലപാട്. ബ്രിജ്ഭൂഷന്റെ കാര്യത്തില്‍ പക്ഷെ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല.