കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ അണ്ടര്‍-19 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി പന്തെറിയുകയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ലോഡ്‌സില്‍ നിരന്തരം മഴ രസംകൊല്ലിയായപ്പോള്‍ ഗ്രൗണ്ട് ഒരുക്കുന്നവരുടെ കൂട്ടത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ പുത്രന്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സ് പരിശീലനത്തില്‍ വിരാട് കോഹ്‌ലിക്കും അജിന്‍ക്യ രരഹാനെക്കുമൊക്കെ പന്തെറിയാന്‍ ലണ്ടനിലെത്തിയതായിരുന്നു അര്‍ജുന്‍. ലോഡ്‌സില്‍ മഴ പെയ്തപ്പോള്‍ ഇന്ത്യയുടെ അണ്ടര്‍-19 മീഡിയംപെയ്‌സര്‍ ഗ്രൗണ്ടൊരുക്കാനും രംഗത്തിറങ്ങി.
മിഡില്‍സെക്‌സിന്റെ ഹോം ഗ്രൗണ്ടാണ് ലോഡ്‌സ്. സചിന്‍ ടെണ്ടുല്‍ക്കറും മിഡില്‍സെക്‌സും സഹകരിച്ച് മിഡില്‍സെക്‌സ് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് അക്കാദമി നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് അര്‍ജുന്‍ ലോഡ്‌സില്‍ എത്തിയത്. അക്കാദമിയുടെ കരാറിന്റെ ഭാഗമാണ് ട്രയ്‌നികള്‍ ഗ്രൗണ്ട്‌സ്മാന്മാരെ സഹായിക്കുക എന്നത്. അതില്‍ അര്‍ജുനും വിട്ടുവീഴ്ചയില്ല. പത്തൊമ്പതുകാരന്റെ സേവനത്തെ ലോഡ്‌സ് ഒഫിഷ്യല്‍ ട്വിറ്റര്‍ തന്നെ പ്രശംസിച്ചു.