Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

സിയാൽ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കുന്നത്.
'41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല കാലത്ത്, 2 കോടിയോളം ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. ഏറെ കാലങ്ങളായി, ഈ തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാർഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷം 2 ചാർട്ടർ വിമാനങ്ങൾ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തത്. ഭക്തരിൽ ചിലരെല്ലാം ഹോട്ടൽ സൗകര്യങ്ങൾ പോലും ഉപയോഗിക്കാതെ, അതിരാവിലെയാണ് അവരുടെ യാത്ര തുടങ്ങുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാടക്കണമെന്ന ചിന്ത വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൂർണ മനസ്സോടെ കൂടെ നിന്നു' മന്ത്രി പറഞ്ഞു. 
ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതി സിയാലിന്റെ മറ്റ് പദ്ധതികൾ പോലെ തന്നെ വൻ വിജയമാകുമെന്നും, വരും വർഷങ്ങളിലും തുടർന്ന് കൊണ്ട് പോകാൻ പ്രചോദനമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അറിയിച്ചു.
5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്താണ് ഇടത്താവള സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്‌ളൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റം ഒരുക്കിയിരിക്കുന്നു. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്‌സി കൗണ്ടർ, 24 മണിക്കൂർ ചുക്കുവെള്ളം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെൽപ് ഡെസ്‌ക് എന്നിവയും സമീപത്തു തന്നെ ഒരുക്കിയിട്ടുണ്ട്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ. എ. എസ് സ്വാഗതം പറഞ്ഞു. എംഎൽഎ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. കൃതജ്ഞത രേഖപ്പെടുത്തി.

Latest News