കോഴിക്കോട്- മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ചശേഷം സുരേഷ് ഗോപിയുടെ മൊഴിയുമായി വിശകലനം ചെയ്ത് കുറ്റപത്രം തയാറാക്കും. അടുത്താഴ്ച തന്നെ കുറ്റപത്രം നടക്കാവ് പോലീസ് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
സി.ഐ പി.കെ. ജിജീഷ്, എസ്.ഐ ബിനു മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സുരേഷ് ഗോപിയുടെ മൊഴി പൂര്‍ണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയാറാക്കുക. മാധ്യമപ്രവര്‍ത്തകരെ കണ്ട ഹോട്ടലുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും ശേഖരിക്കാനുണ്ട്. ജാമ്യം കിട്ടുന്ന ശിക്ഷ നിയമം 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
ദുരുദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ചെയ്തില്ല എന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഭാവിയില്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമായാണ് വിട്ടയച്ചത്.