ഒരു പശുത്തൊഴുത്തായിരുന്നു അവരുടെ വീട്. അമൃതസറിലെ ആ തൊഴുത്തില്‍ നിന്ന് 2014 ഏഷ്യന്‍ ഗെയിംസിലെ നടത്ത മത്സരത്തിലെ വെള്ളി മെഡലുകാരിയിലേക്ക് ഖുഷ്ബീര്‍ കൗര്‍ നടന്നെത്തിയ ദൂരം സംഭവബഹുലമായിരുന്നു. ആറ് വയസ്സുള്ളപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ടിരുന്നു ഖുഷ്ബീറിന്. വസ്ത്രങ്ങള്‍ തുന്നിയും ഗ്രാമത്തില്‍ പാല് വിറ്റുമാണ് അഞ്ചു മക്കളെ അമ്മ വളര്‍ത്തിയത്. ദാരിദ്ര്യം കാരണം മിക്ക ദിവസങ്ങളിലും ഭക്ഷണം പേരിനു മാത്രമായിരുന്നു. മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്നതായിരുന്നു അവരുടെ കുടില്‍. ഇന്ന് ഖുഷ്ബീറിന്റെ വീട് എന്നു പറഞ്ഞാല്‍ ഗ്രാമത്തില്‍ ആരും കാണിച്ചു തരും. മറ്റൊരു ഏഷ്യാഡ് വിജയത്തിന് ഒരുങ്ങുകയാണ് ഖുഷ്ബീര്‍.
ഖുഷ്ബീറിന്റെ കായിക നേട്ടമാണ് ഈ കുടുംബത്തെ നല്ല നാളുകളിലേക്ക് വഴി നടത്തിയത്. ഇന്ന് പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടാണ് ഇരുപത്തഞ്ചുകാരി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഖുഷ്ബീറിന് മെഡല്‍ കിട്ടുകയും അതിന്റെ പേരില്‍ ജോലി ലഭിക്കുകയും ചെയ്തതോടെയാണ് വീടിന് കോണ്‍ക്രീറ്റ് മേല്‍ക്കൂര ഉണ്ടായത്.
പെണ്‍മക്കള്‍ ശാപമാണെന്നു കരുതുന്നവരോട് അമ്മ ജസ്ബീര്‍ കൗറിന് പറയാനുള്ളത് ഇതാണ്: എന്റെ നാലു പെണ്‍മക്കളാണ് എന്റെ ഐശ്വര്യം. കഴിഞ്ഞ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ മാനം കാത്തത് പെണ്‍കുട്ടികളാണ്.