ദോഹ- ഇസ്രായിലിന്റെ തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ പ്രധാന ഇരകളായ ഗാസയിലെ കുട്ടികളെ രക്ഷിക്കുന്നതിലും അവര്‍ക്ക് ആശ്വാസം നല്‍കുന്നതിലും യുനെസ്‌കോ പരാജയപ്പെട്ട സാഹചര്യത്തില്‍ എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ യുനെസ്‌കോ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യ എമിന്‍ ഉര്‍ദുഗന്റെ സാന്നിധ്യത്തില്‍ ഇസ്താംബൂളില്‍ നടന്ന പ്രഥമ വനിതകളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുള്ള ഖത്തര്‍ തുടക്കം മുതലേ വെടിനിര്‍ത്തലിനും നീതിയുക്തമായ പ്രശ്‌ന പരിഹാരത്തിനും ശ്രമിക്കുന്ന രാജ്യമാണ്. ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ മാതാവുമായ ശൈഖ മൗസയുടെ ധീരമായ നടപടി ഖത്തറിന്റെ നിലപാടാണ് അടയാളപ്പെടുത്തുന്നത്. നിരപരാധികളായ കുട്ടികളെ സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ പദവികള്‍ക്ക് യാതൊരര്‍ഥവുമില്ലെന്നാണ് ശൈഖ മൗസ ലോകത്തോട് വിളിച്ചുപറയുന്നത്.
ഗസ മുനമ്പില്‍ ഇസ്രായിലിന്റെ ആക്രമണത്തില്‍ അയ്യായിരത്തോളം ഫലസ്തീന്‍ കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി മേധാവിയുമായ ഡോ ഹമദ് അബ്ദുള്‍ അസീസ് അല്‍ കവാരി, എക്‌സിലൂടെ ശൈഖ മൗസയുടെ നിലപാടിനെ പ്രശംസിച്ചു.
ലോകത്തിന് പരിഹരിക്കാനാകാത്ത ദുരന്തത്തില്‍ നിന്ന് ഗസയിലെ കുട്ടികളെ രക്ഷിക്കുന്നതില്‍ യുനെസ്‌കോയുടെ പരാജയത്തെ അപലപിക്കുന്ന ഒരു തീരുമാനം മാത്രമല്ല ഇത്. ഗസയിലെ കുട്ടികളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവരുടെ ഈ ഒരു റോളിന് എന്ത് അര്‍ത്ഥമാണുള്ളത്- അല്‍ കുവാരി ചോദിച്ചു.
2003 മുതല്‍ യുനെസ്‌കോയുടെ അടിസ്ഥാന, ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക സ്ഥാനപതിയായി ശൈഖ മൗസ സേവനമനുഷ്ഠിച്ചിട്ടുണ്ട്.