വീൽചെയർ നൽകാൻ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
മലയാളം ന്യൂസ് വാർത്ത തുണയായി
ജിദ്ദ- പാതിയിലധികം ശരീരം തളർന്നെങ്കിലും ജീവിതത്തോട് പൊരുതിക്കയറിയ ഷംലക്ക് താൻ മോഹിച്ച ജോലി നഷ്ടമാകില്ല. 'സെറിബ്രൽ പാൾസി' രോഗം 75 ശതമാനത്തിലേറെ കൈകാലുകളുടെ ചലനശേഷി ഇല്ലാതാക്കിയ നിലമ്പൂർ രാമംകുത്ത് സ്വദേശിനി ഷംല.പി തങ്ങൾക്ക് ഇലക്ട്രിക് വീൽ ചെയർ ലഭ്യമാക്കുമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി വ്യക്തമാക്കി. മലയാളം ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ട ഭാരവാഹികളാണ് ഷംലക്ക് വീൽ ചെയർ സമ്മാനിക്കുന്നത്.
ഇതോടെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വളാഞ്ചേരി പുറമണ്ണൂർ വി.കെ.എം സ്പെഷ്യൽ സ്‌കൂളിൽ സ്പെഷ്യൽ ഇൻസ്ട്രക്ടർ ആയി ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തടസ്സം നീങ്ങി. സെപ്റ്റംബർ മൂന്നിന് മുമ്പായി പ്രവേശിച്ചില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന ആധിയിലായിരുന്നു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും പരസഹായം ആവശ്യമുള്ള ഈ പെൺകുട്ടി.
പരേതരായ പാലപ്പുറത്ത് മുത്തുക്കോയ തങ്ങളുടെയും സുബൈദയുടെയും മകളായ ഷംലയെ കുറിച്ച് ഇന്നലെ മലയാളം ന്യൂസ് വിശദമായി വാർത്ത നൽകിയിരുന്നു. ഒരു വയസ്സുള്ളപ്പോഴാണ് ഷംലക്ക് ശക്തമായ പനിയുടെ രൂപത്തിൽ സെറിബ്രൽ പാൾസി ബാധിക്കുന്നത്.
കൂട്ടുകാർ ഓടിച്ചാടി നടക്കുമ്പോൾ പതിയെ പതിയെ പുസ്തകങ്ങളുടെ ലോകത്തേക്ക് ചുരുങ്ങാനാണ് ഈ പെൺകുട്ടി ഇഷ്ടപ്പെട്ടത്. പഠന പാഠ്യേതര മേഖലയിൽ സ്‌കൂൾ തലത്തിലും കോളേജ് തലത്തിലും ഷംല മികവ് പുലർത്തി. 2010ൽ മാതാവും 2017ൽ പിതാവും മരണപ്പെട്ടുവെങ്കിലും വിധിയിൽ തളരാതെ ഈ പെൺകുട്ടി പിടിച്ചുനിന്നു.
സ്‌കൂൾതലം മുതൽ ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുമായിരുന്ന ഷംല 'നിറമുള്ള സ്വപ്‌നങ്ങൾ' എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ പ്രസിദ്ധമായ നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ഇതിന്റെ പ്രകാശനം നിർവഹിച്ചത്. പ്രശസ്ത സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ ആലപിച്ച ഷംലയുടെ കവിത യൂ ട്യൂബിൽ തരംഗമായി മാറിയിരുന്നു. രണ്ടാമത്തെ കവിതാ സമാഹാരം പണിപ്പുരയിലാണ്. തളരാൻ മടിച്ച വിരലുകളിലൂടെയും രണ്ടാനുമ്മ ജുവൈരിയ, സഹോദരന്റെ ഭാര്യ രഹന, പിതൃസഹോദരി മുത്തുബീവി എന്നിവരിലൂടെയാണ് ഷംല സംവദിക്കുന്നത്.
ബന്ധുക്കൾ, അധ്യാപകർ, തുടങ്ങി കടമയും കടപ്പാടുമുള്ള ജീവിതത്തിൽ അനേകം പേരുണ്ടെങ്കിലും മുതുകാട് എ.യു.പി സ്‌കൂളിലെ അധ്യാപികമാരായ ഗീത ടീച്ചർ, മിനി മോൾ ടീച്ചർ, കൂട്ടുകാരി ശാമില, ചക്കാലക്കുത്ത് ഹൈസ്‌കൂളിലെ സജു സാർ, അഭിനേഷ് സാർ, മമ്പാട് കോളേജിലെ ആത്മമിത്രം ശഹന ഹുസൈൻ എന്നിവരെ ഒരിക്കലും മറക്കാനാവില്ലെന്ന് ഷംല പറയുന്നു.