Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലുവ കേസ് വിധിയും പോക്‌സോ നിയമവും

കേൾക്കുമ്പോൾ വളരെ ശക്തമാണ് ഈ നിയമമെങ്കിലും നാലിലൊന്നു കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, ചെയ്യപ്പെടുന്നവയിൽ നാലിലൊന്നു പോലും ശിക്ഷിക്കപ്പെടുന്നില്ല, കേസുകൾ അനന്തമായി നീളുന്നു, മിക്കപ്പോഴും കുട്ടികളുടെ താൽപര്യത്തിനു വിരുദ്ധമായി ഒത്തുതീർപ്പിലാകുന്നു, കേസുകൾ നടക്കുന്ന കാലത്ത് ഇരകൾക്ക് മാനസികമായ സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നതൊക്കെയാണ് നടക്കുന്നത്. അത്തരം സാഹചര്യത്തിലാണ് ശിശുദിനത്തിൽ, പോക്‌സോ നിയമത്തിന്റെ വാർഷികത്തിലുണ്ടായ ഈ വിധി എന്നതാണ് പ്രസക്തം.  

 

ഈ വർഷത്തെ ശിശുദിനം, ഒപ്പം പോക്‌സോ നിയമത്തിന്റെ പതിനൊന്നാം വാർഷികം ശ്രദ്ധേയമായത് ആലുവ പീഡന - കൊലപാതകക്കേസിന്റെ വിധിയിലൂടെയാണ്. പോക്‌സോ നിയമം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലതാമസമാണെന്നിരിക്കേ, 100 ദിവസം കഴിയുമ്പോഴേക്കും വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കാനായി എന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്ത് ആയിരക്കണക്കിനു പോക്‌സോ കേസുകൾ കെട്ടിക്കിടക്കുമ്പോഴാണ് ഈ വിധി വന്നിരിക്കുന്നത്. 

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനായി രൂപം കൊടുത്ത ഏറ്റവും ശക്തമായ നിയമമാണ് പോക്‌സോ. 2012 ലാണ് രാജ്യത്ത് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയിരുന്നില്ല. യു.എന്നിന്റെ കുട്ടികളുടെ അവകാശ പത്രിക ഇന്ത്യ അംഗീകരിച്ചിട്ടും അതായിരുന്നു അവസ്ഥ. അതിനാൽ തന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. തീർച്ചയായും പോക്സോ നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു എന്നതാണ് ഖേദകരം. ഔദ്യോഗിക കണക്കു പ്രകാരം 2012 ൽ 77, 2013- 1016, 2014- 1325, 2015- 1583, 2016- 2122, 2017- 2697, 2018-3179,, 2019- 3609, 2020- 3056, 2021- 3549 എന്നിങ്ങനെയാണ് കണക്കുകൾ. വർഷം തോറും അതു കൂടുക തന്നെയാണ്. അപ്പോഴും പ്രതികൾ മിക്കവാറും ഇരകളുടെ വീടുമായി അടുപ്പമുള്ളവരോ ബന്ധുക്കളോ അധ്യാപകരോ ആകുമെന്നതിനാൽ വളരെ ചെറിയ ഭാഗം മാത്രമേ പുറത്തു വരൂ എന്നതാണ് വാസ്തവം.

മറുവശത്ത് എടുക്കുന്ന കേസുകളിൽ തന്നെ ഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നില്ല എന്നതും കാണണം. സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. പ്രതികളിൽ ഭൂരിഭാഗവും കുട്ടികളുമായോ അവരുടെ കുടുംബവുമായോ അടുപ്പമുള്ളവരായിരിക്കുമെന്ന് പറഞ്ഞല്ലോ. അതിനാൽ തന്നെ, കേസുകൾ അനന്തമായി നീളുമ്പോൾ കുട്ടികളുടെയും വീട്ടുകാരുടെയും മേൽ സമ്മർദമേറുകയും അവർ മൊഴി മാറ്റിപ്പറയുന്നതും നിരന്തരമായി ആവർത്തിക്കുന്നു. പല കേസുകളിലും പീഡിപ്പിച്ചവർ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരുകൂട്ടരുടെയും വീട്ടുകാർ ധാരണയിലെത്തുന്നു. നിരവധി സംഭവങ്ങളിൽ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം തന്നെ കഴിഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭർത്താവിനൊപ്പം കോടതിയിൽ വരാൻ അവർക്ക് താൽപര്യം കാണില്ല. ഭർത്താക്കന്മാരും അതിനു തയാറാവില്ല. ഇതൊക്കെയാണ് പോക്സോ നിയമം പലപ്പോഴും ഫലപ്രദമാകാതെ പോകാൻ പ്രധാന കാരണം. വാളയാർ, പാലത്തായി, കൊട്ടിയം പോലെ പ്രതികളെ രക്ഷിക്കാൻ മുഴുവൻ സംവിധാനവും രംഗത്തിറങ്ങുന്ന സംഭവങ്ങളും കുറവല്ല. ഇവക്കെല്ലാം പരിഹാരമുണ്ടാക്കുകയും നടപടികൾ അതിവേഗത്തിലാക്കുകയും ചെയ്തില്ലെങ്കിൽ നിയമം കൊണ്ട് വലിയ ഗുണമുണ്ടാകില്ല. ഒപ്പം അതിനേക്കാൾ പ്രാധാന്യം ഇരയെ കുറ്റക്കാരായി കാണുന്ന സാമൂഹ്യ ബോധമാണ്. ഒപ്പം പീഡിപ്പിക്കപ്പെട്ടാൽ പിന്നെ ജീവിതം അർത്ഥരഹിതമാകുമെന്ന, ശരീര കേന്ദ്രീകൃതമായ സദാചാര ബോധവും. അവ മാറാത്തിടത്തോളം കാലം നിയമം കൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. ഒപ്പം കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനും പ്രതിരോധിക്കാൻ പെൺകുട്ടികളെയും ലിംഗനീതി എന്നാലെന്താണെന്ന് ആൺകുട്ടികളെയും പഠിപ്പിക്കാനും നമ്മൾ തയാറാകുകയും വേണം. പെൺകുട്ടികളേക്കാൾ കൂടുതൽ ബോധവൽക്കരിക്കേണ്ടത് ആൺകുട്ടികളെയാണ്.

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് 11 വർഷം മുമ്പ് പോക്സോ നിയമം നടപ്പാക്കിയത്. കുട്ടിയെ നിയമ വിരുദ്ധമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും നിർബന്ധിപ്പിക്കുകയും ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റു നിയമ വിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമിക്കുന്നതിനും അവ അനുകരിക്കുന്നതിനും പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഫലപ്രദമായി തടയുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നിയമം ്പ്രാബല്യത്തിൽ വരുത്തിയത്.

പോക്സോ നിയമമനുസരിച്ച് ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് ഏഴ് വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും അർഹരാകുന്നതാണ്. ഗൗരവതരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമാണെങ്കിൽ അത് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവിനും പിഴക്കും ശിക്ഷാർഹരാകും. ലൈംഗിക ആക്രമണമാകട്ടെ, മൂന്ന് വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും കൂടി അർഹനായിത്തീരുന്നതാണ്. ഗൗരവതരമായ ലൈംഗിക ആക്രമണം 3 വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും കൂടി അർഹനാകും.

ലൈംഗിക പീഡനം മൂന്ന് വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും കാരണമാകും. അശ്ലീല കാര്യങ്ങൾക്കു വേണ്ടി കുട്ടിയെ ഉപയോഗിക്കൽ 8 വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും അർഹനാക്കും. കുട്ടി ഉൾപ്പെടുന്ന അശ്ലീല സാമഗ്രികൾ ശേഖരിച്ചു വെച്ചാൽ 3 വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴ ശിക്ഷക്കും അർഹനാകുന്നതുമാണ്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിലോ റെക്കോർഡ് ചെയ്യുന്നതിലോ വീഴ്ച വരുത്തിയാൽ 6 മാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും കൂടാതെ പിഴ ശിക്ഷക്കും അർഹനാകും. മാധ്യമങ്ങളിലെ റിപ്പോർട്ടിലൂടെയും കുട്ടിയെ തിരിച്ചറിയുന്ന തരത്തിൽ പേര്, വിലാസം, ഫോട്ടോ, കുടുംബ വിവരങ്ങൾ, സ്‌കൂൾ, അയൽവാസം അല്ലെങ്കിൽ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലുള്ള മറ്റു വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയാൽ 6 മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ  ആകാവുന്നതുമായ തടവിനും അല്ലെങ്കിൽ പിഴക്കും അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷാർഹനാകുന്നതുമാണ്. ഇത്രയൊക്കെ ശക്തമായ നിയമമാണ് പോക്സോ എന്ന് അവകാശപ്പെടുമ്പോഴും കുറ്റങ്ങൾ വർധിക്കുകയാണെന്നതാണ് വസ്തുത.

കേൾക്കുമ്പോൾ വളരെ ശക്തമാണ് ഈ നിയമമെങ്കിലും നാലിലൊന്നു കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, ചെയ്യപ്പെടുന്നവയിൽ നാലിലൊന്നു പോലും ശിക്ഷിക്കപ്പെടുന്നില്ല, കേസുകൾ അനന്തമായി നീളുന്നു, മിക്കപ്പോഴും കുട്ടികളുടെ താൽപര്യത്തിനു വിരുദ്ധമായി ഒത്തുതീർപ്പിലാകുന്നു, കേസുകൾ നടക്കുന്ന കാലത്ത് ഇരകൾക്ക് മാനസികമായ സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നതൊക്കെയാണ് നടക്കുന്നത്. അത്തരം സാഹചര്യത്തിലാണ് ശിശുദിനത്തിൽ, പോക്‌സോ നിയമത്തിന്റെ വാർഷികത്തിലുണ്ടായ ഈ വിധി എന്നതാണ് പ്രസക്തം.  

Latest News