മക്ക - ഭക്ഷ്യവിഷബാധ അകറ്റിനിർത്തുന്നതിന് വഴിവാണിഭക്കാരിൽ നിന്ന് തീർഥാടകർ ഭക്ഷണ, പാനീയങ്ങൾ വാങ്ങി കഴിക്കരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. വൃത്തിയും വെടിപ്പും ലൈസൻസുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണങ്ങൾ വാങ്ങി കഴിക്കണം. ഭക്ഷ്യവസ്തുക്കളുടെ ഉപയോഗകാലാവധി പ്രത്യേകം ഉറപ്പുവരുത്തണം. നന്നായി മൂടിവെക്കാതെ വഴിവാണിഭക്കാർ വിൽക്കുന്ന, ഉറവിടമറിയാത്ത ഭക്ഷ്യവസ്തുക്കൾ കഴിക്കരുത്.
നന്നായി വേവിക്കാത്ത ഇറച്ചികളും പാസ്ചറൈസ് ചെയ്യാത്ത പാലും ഒഴിവാക്കണം. നിറത്തിലോ രുചിയിലോ രൂപത്തിലോ മാറ്റമുള്ളതായി സംശയിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. കുപ്പി വെള്ളം കുടിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും വേണം. മരുന്നുകൾ ഒറിജിനൽ പേക്കറ്റുകളിൽ തന്നെ സൂക്ഷിക്കണം. മരുന്നുകൾ വെയിലേൽക്കാതെ നോക്കുകയും വേണം. ഡോക്ടറുടെ നിർദേശാനുസരണം ചികിത്സാ കാലം പൂർത്തിയായ ശേഷമല്ലാതെ മരുന്നുകൾ കഴിക്കുന്നത് നിർത്തുന്നതിന് പാടില്ല. ഒരു ഡോസ് മരുന്ന് ഉപയോഗിക്കുന്നതിന് മറന്നാൽ സാധ്യമായ ഏറ്റവും അടുത്ത സമയം മരുന്ന് കഴിക്കണം. രണ്ടാമത്തെ ഡോസിന്റെ സമയമായാൽ ഒരു ഡോസ് മരുന്ന് മാത്രമേ ഉപയോഗിക്കുന്നതിന് പാടുള്ളൂ. ലക്ഷണങ്ങൾ സദൃശമാണെങ്കിലും മറ്റൊരു തീർഥാടകന്റെ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.