കൊല്ലം - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉണ്ടാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം നേരത്തെ അറിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണ കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്റെ സ്വർണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂർവം കൊണ്ടുവരുമെന്നും മേള കുട്ടികൾക്ക് യാതൊരു പ്രയാസവുമില്ലാത്ത നിലയിൽ വളരെ കുറ്റമറ്റ നിലയിൽ ശാസ്ത്രീയമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ട് നടന്ന കഴിഞ്ഞതവണത്തെ സ്‌കൂൾ കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും അടുത്ത തവണ മുതൽ കലോത്സവത്തിൽ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് ഏറെ വിവാദമായിരുന്നു. മത്സ്യവും മാംസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും ഇത്തവണ എന്തുകൊണ്ടാണ് അത് ഇല്ലാതെ പോയതെന്ന് പരിശോധിക്കുമെന്നുമായിരുന്നു കോഴിക്കോട്ട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. ഇത് സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.