മലപ്പുറം - സി പി എം നിയന്ത്രണത്തിലുള്ള കേരള ബാങ്കിന്റെ ഭരണസമിതിയില്‍ മുസ്‌ലിം ലീഗിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തി. മുസ്ലിം ലീഗ് നേതാവ് പി അബ്ദുല്‍ ഹമീദ് എം എല്‍ എ കേരള ബാങ്ക് ഭരണസമിതി അംഗമാകും. ഭരണസമിതിയില്‍ ചേരാന്‍ അബ്ദുല്‍ ഹമീദിന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കി. കേരള ബാങ്കില്‍ ആദ്യമായാണ് യു ഡി എഫില്‍ നിന്നുള്ള എം എല്‍ എ ഭരണ സമിതി അംഗമാകുന്നത്. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എം എല്‍ എയുമാണ് പി അബ്ദുല്‍ ഹമീദ്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുള്‍ ഹമീദ്. കണ്ണൂരില്‍ ചേര്‍ന്ന കേരളബാങ്ക് ഭരണസമിതിയാണ് അബ്ദുള്‍ ഹമീദിനെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. താന്‍ കാലങ്ങളായി സഹകാരിയാമെന്നും തന്റെ നിയമനത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യതയില്ലെന്നും യു ഡി എഫില്‍ എതിര്‍പ്പില്ലെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.