Sorry, you need to enable JavaScript to visit this website.

ആംബുലൻസിൽ ചിഹ്നം പതിക്കുന്നത് തടയാൻ പാടില്ലെന്ന് കോടതി


കൊച്ചി- ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും, സ്പോൺസർമാരുടെയും പേരും, ചിഹ്നവും, ഫോൺ നമ്പറും പ്രദർശിപ്പിക്കുന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുകൾ തടയാൻ പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടങ്ങളുടെ റൂൾ 125 എ നിയമ പ്രകാരം വിവരങ്ങൾ ആംബുലൻസിൽ പ്രദർശിക്കുന്നത് അനുവദനീയമാണെന്ന് ഹരജി ഭാഗം ബോധിപ്പിച്ചു. 
കോഴിക്കോട് സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് വിധി പ്രസ്താവിച്ചത്. ട്രസ്റ്റുകളും മറ്റും ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകേണ്ട സർക്കാർ അവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നത് നിരുത്തരവാദിത്തപരമാണെന്ന് ഹരജിക്കാർ വാദിച്ചു. നേരത്തെ മുസ്‌ലിം ലീഗിന്റെ കീഴിലുള്ള ആംബുലൻസ് ഡ്രൈവേഴ്സിന്റെ സംഘടനയായ എം.ഇ.എസ്.ടിയാണ് ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറെ സമീപിച്ചിരുന്നത്. 
ആംബുലൻസുകൾക്ക് കളർകോഡ് നിർബന്ധിതമാക്കിയ കേരള സർക്കാരിന്റെ ഉത്തരവിനെതിരെ മറ്റ് ചില സംഘടനകൾ നേരത്തെ നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. അത് കൊണ്ട് തന്നെ സർക്കാർ നിഷ്‌കർഷിക്കുന്ന കളർകോഡ് പാലിക്കാൻ ആംബുലൻസ് ഉടമസ്ഥർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു.

Latest News