Sorry, you need to enable JavaScript to visit this website.

കോൺസുലേറ്റ്, ഒ.ഐ.സി.സി ഇടപെടൽ; ദുരിതത്തിലായ ആറംഗ കുടുംബം നാടണഞ്ഞു

യാമ്പു- കമ്പനി ഹുറൂബ് ആക്കിയതിനെ തുടർന്ന് ശമ്പളമില്ലാതെയും കേസിലകപ്പെട്ടും പ്രയാസപ്പെട്ട ആറംഗ മലയാളി കുടുംബം യാമ്പു ഒ.ഐ.സി.സിയുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ നാടണഞ്ഞു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം ജില്ലക്കാരനായ മലയാളിയെ കമ്പനി ഹുറൂബ് ആക്കുകയായിരുന്നു. 
ശമ്പളം കിട്ടാത്ത അവസ്ഥയിൽ സാമ്പത്തിക പ്രശ്‌നത്തിൽ കുടുങ്ങി കേസിലകപ്പെട്ട ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെയും നാട്ടിൽ പോകാൻ കഴിയാതെയുള്ള ദുരവസ്ഥ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും യാമ്പുവിലെ ഇന്ത്യൻ കോൺസുലേറ്റ് 
കമ്യൂണിറ്റി വെൽഫെയർ അംഗവുമായ ശങ്കർ എളങ്കൂറിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. മൂന്ന് മാസത്തെ പരിശ്രമത്തിലൂടെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ വിമാന ടിക്കറ്റിലാണ് കുടുംബം നാടണഞ്ഞത്.
പന്ത്രണ്ട് വർഷമായി ഇദ്ദേഹം സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ 2021 ൽ സൗദിവൽക്കരണ ഭാഗമായി ജോലി നഷ്ടപ്പെടുകയും പിന്നീട് പ്രശ്‌നത്തിനാധാരമായ കമ്പനിയിൽ ജോലി കിട്ടുകയും ഇഖാമ കമ്പനിയിലേക്ക് മാറുകയും ചെയ്തു. എന്നാൽ മൂന്ന് മാസത്തെ ശമ്പളം കിട്ടാതായപ്പോൾ ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തു. അവിടെ നിന്നും അനുകൂല വിധി കിട്ടിയെങ്കിലും കമ്പനി വീണ്ടും ശമ്പളം കൊടുക്കാൻ തയാറായില്ല. ലേബർ കോടതി കേസ് മേൽക്കോടതിയിലേക്ക് ഫോർവേഡ് ചെയ്തു. ഇതോടെ കേസ് നീണ്ടു പോകുകയും അമ്മയുടെയും ഭാര്യയുടെയും വിസകളുടെ കാലാവധി തീരുകയും താമസിക്കുന്ന കെട്ടിടത്തിന്റെ വാടക നൽകാത്തതിനാൽ ഉടമ കേസ് കൊടുക്കുകയും ആ വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥയിലുമായി.
അതിനിടക്ക് കുടുംബത്തെ ഹോസ്പിറ്റൽ കൊണ്ടുപോകാനും മറ്റും കാർ റെന്റൽ എടുക്കുകയും, അതും കടമായപ്പോൾ കാർ കമ്പനി കേസ് കൊടുത്ത് ഇഖാമ ട്രാവൽ ബാനിൽ കുടുങ്ങുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഇദ്ദേഹം തന്റെ പ്രശ്‌നങ്ങൽ ശങ്കർ എളങ്കൂർ മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് യാമ്പു ഒ.ഐ.സി.സി പ്രസിഡന്റ് അഷ്‌കർ വണ്ടൂരുമായി ശങ്കർ എളങ്കൂർ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് യാമ്പു തർഹീലിൽ കൊണ്ടുപോയി ഇഖാമ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോഴാണ് ഇഖാമയിലെ തടസ്സം മനസ്സിലായത്. കോടതിയിൽ പോയി കേസുകൾ എല്ലാം തീർത്ത് വന്നാൽ എല്ലാവരെയും ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ വിടാമെന്ന് പോലീസ് ഉറപ്പു നൽകി. 
ഇതിന്റെ അടിസ്ഥാനത്തിൽ കേസുകൾ കൊടുത്ത ബിൽഡിംഗ് ഉടമയേയും റെന്റ് എ കാർ കമ്പനികളേയും ശങ്കർ എളങ്കൂറും അഷ്‌കർ വണ്ടൂരും നേരിൽ കാണുകയും അവരുമായി ഒത്തുതീർപ്പിന് തയാറാവാൻ പരിശ്രമിക്കുകയും ചെയ്തു. കുറച്ച് ഇളവുകൾക്കു കമ്പനികൾ തയാറായി. മൊത്തം 25,000 റിയാൽ ഉണ്ടായാൽ കേസുകൾ തീർക്കാം എന്ന ഉറപ്പ് ലഭിച്ചു. ഈ വിവരം ഫേസ്ബുക്കിൽ ഇട്ടത് കണ്ട് ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ പ്രസിഡന്റ് അലക്‌സ് തോമസ് വിളിക്കുകയും റിയാദിലെ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, റിയാദിലെ രണ്ട്  അഭ്യുദയകാംക്ഷികൾ എല്ലാവരും കൂടി കൊടുക്കാനുള്ള തുകയുടെ മുക്കാൽ ഭാഗം ശങ്കർ എളങ്കൂറിന് എത്തിച്ചു നൽകി. 
ബാക്കി തുക ജിദ്ദ ഒ.ഐ.സി.സി ഭാരവാഹി കൂടിയായ മനോജ് മാത്യു അടൂരിന്റെ നേതൃത്വത്തിൽ ശങ്കറിന് എത്തിച്ചു നൽകി. 
ഇക്കാര്യത്തിൽ ശക്തമായ പിന്തുണയുമായി ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെ ചില വ്യക്തികളും സംഘടനകളും അതോടൊപ്പം കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ ജിദ്ദയും സഹകരിച്ചു. ഇതിന്റെ ഫലമായി റെന്റ് എ കാർ കമ്പനികളുടെ തുകയും കെട്ടിട ഉടമയുടെ തുകയുമെല്ലാം കൊടുത്തു തീർത്തു. 
രണ്ടാഴ്ച മുമ്പ് എല്ലാ കേസുകളും തീർന്ന് എല്ലാവർക്കും തർഹീലിൽ നിന്ന് ഫൈനൽ എക്‌സിറ്റ് കിട്ടി. പക്ഷേ നാട്ടിൽ പോകാൻ ടിക്കറ്റിനുള്ള തുക കണ്ടെത്തുക വലിയ പ്രയാസമായി. ഈ വിവരം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറലിനെ അറിയിച്ചതു പ്രകാരം അതും നൽകിയത് വലിയ ആശ്വാസമായി. തുടർന്ന് വിമാനത്താവളത്തിലെത്തിയെങ്കിലും രണ്ടു കുട്ടികൾ ഇവിടെ ജനിച്ചവരായതിനാൽ അവരുടെ രേഖകളിൽ ചില ബുദ്ധിമുട്ടുണ്ടായതിനാൽ യാത്ര മുടങ്ങി. വീണ്ടും യാമ്പു തർഹീലിലെ ഉദ്യോഗസ്ഥരെ സമീപിച്ച് പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുകയും ഇന്നലെ കുടുംബം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
 

Tags

Latest News