കൊച്ചി- ചലച്ചിത്ര താരം വിനായകന്റെ സഹോദരന്‍ വിക്രമന്‍ ഓടിക്കുന്ന ഓട്ടോറിക്ഷ നിസ്സാര കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. വിനായകനോടുള്ള പക പോലീസ് തന്നോട് തീര്‍ക്കുകയാണെന്ന് വിക്രമന്‍ ആരോപിക്കുന്നു.
എം. ജി റോഡ് മെട്രൊ സ്റ്റേഷനു സമീപം യാത്രക്കാരെ ഇറക്കിയതിനു പിന്നാലെ വിക്രമന്റെ സി. എന്‍. ജി ഓട്ടോ പോലീസ് തടയുകയായിരുന്നുവത്രെ. നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ എന്നു ചോദിച്ച പോലീസ് ഇനി പതിനഞ്ച് ദിവസം ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടക്കട്ടെ എന്നു പറഞ്ഞതായും വിക്രമന്‍ പറയുന്നു. പിഴയടപ്പിച്ചു വിടാവുന്ന കുറ്റത്തിനാണ് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തതെന്നും ആരോപണമുണ്ട്.
എന്നാല്‍ വിക്രമന്‍ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞത് പിന്നീടാണെന്നാണ് പോലീസ് പറയുന്നത്. സ്വാഭാവിക നടപടിക്രമമാണ് കേസില്‍ പിന്തുടര്‍ന്നതെന്നും വിക്രമന്‍ മോശമായി പോലീസിനോട് പെരുമാറിയെന്നും പോലീസ് പറയുന്നു.
കൊച്ചി ട്രാഫിക് വെസ്റ്റ് പോലീസാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.