കോട്ടയം- പണയംവെച്ച മോട്ടോര്‍ സൈക്കിള്‍ തിരികെ ആവശ്യപ്പെട്ട സുഹൃത്തായ യുവാവിനെ കൊല്ലാന്‍ ശ്രമിച്ച വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തൃക്കൊടിത്താനം കാലായില്‍ വീട്ടില്‍ മഞ്ജു (42) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
വാഴപ്പള്ളി സ്വദേശിയായ യുവാവിനെയാണ് മഞ്ജു കൊല്ലാന്‍ ശ്രമിച്ചതെന്നാണ് കേസ്. യുവാവിന്റെ മോട്ടോര്‍ സൈക്കിള്‍ പണയം വച്ചിരുന്നത് തിരികെ ലഭിക്കാതായതോടെ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മഞ്ജു ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മഞ്ജുവിനെതിരെ ചങ്ങനാശ്ശേരി സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ റിമാന്‍ഡ് ചെയ്തു.
തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്. ഐ അന്‍സാരി, സി. പി. ഓമാരായ ക്രിസ്റ്റഫര്‍, സെല്‍വരാജ്, ദിവ്യാ മോള്‍ എന്നിവര്‍ ചേര്‍ന്നാണ് മഞ്ജുവിനെ അറസ്റ്റ് ചെയ്തത്.