കൊച്ചി - പ്രമാദമായ അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ താൽകാലികമായി മരവിപ്പിച്ചു. സംഘം ചേർന്നുള്ള മർദ്ദനത്തിൽ പങ്കാളിയല്ലെന്ന കേസിലെ ഒന്നാം പ്രതിയുടെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് ഹുസൈന് കോടതി ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഹുസൈന് ജാമ്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യ ഉത്തരവിലുണ്ട്. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടുപോകുമ്പോൾ സംഭവ സ്ഥലത്ത് ഹുസൈൻ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കുന്നത് താൽകാലികമായി കോടതി മരവിപ്പിച്ചത്.
അടുത്ത ജനുവരിയിൽ പ്രതികളുടെയും സർക്കാറിന്റെയും അപ്പീലുകളിൽ ഹൈകോടതി വാദം കേൾക്കും. അപ്പീലുകളിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് 13 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എല്ലാ പ്രതികളും ഏപ്രിൽ അഞ്ച് മുതൽ ജയിലിലാണ്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് കോടതി ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമായിരുന്നു വിധി. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. വിശപ്പിന്റെ അതികാഠിന്യമറിഞ്ഞ മധുവിനെ, അരി മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം 2018 ഫെബ്രുവരി 22-ന് കൂട്ടവിചാരണ നടത്തി മർദ്ദിച്ച് അവശനാക്കി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.