മാനന്തവാടി - പുതിയിടം കുന്നിലെ ദുരിതാശ്വാസ ക്യാമ്പിൽ തേങ്ങലടക്കാനാകാതെ മൂന്നു സഹോദരങ്ങൾ. വ്യാഴാഴ്ച പുലർച്ചെ മക്കിമലയിൽ ഉരുൾപൊട്ടലിൽ മരിച്ച മംഗലശേരി റസാഖ്-സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് റെജ്മൽ, റെജ്‌നാസ്, മുഹമ്മദ് റിഷാൽ എന്നിവരാണ് മാതാപിതാക്കൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഉള്ളുരുകി കഴിയുന്നത്. വല്യുമ്മയാണ് ക്യാമ്പിൽ ഇവർക്കു തുണ. ആശ്വസിപ്പിക്കാൻ നിരവധി പേർ എത്തുന്നുണ്ടെങ്കിലും ആർക്കും കുട്ടികളുടെ നൊമ്പരം അകറ്റാനാകുന്നില്ല.
ഉരുൾപൊട്ടി വീട് മൺകൂനയായതിന്റെ നടുക്കം മൂവരെയും വിട്ടൊഴിയുന്നില്ല. ഒന്നിച്ചിരുന്ന് അത്താഴം കഴിച്ച് ഉറങ്ങാൻ പോയ ഉപ്പയും ഉമ്മയും ഇനിയില്ല എന്ന യാഥാർഥ്യം മുഹമ്മദ് റെജ്മലിനും സഹോദരങ്ങൾക്കും ഉൾക്കൊള്ളാനാകുന്നില്ല.
റജ്മൽ കിടന്നിരുന്നതിന്റെ തൊട്ടരികിലാണ് വീടിന്റെ ചുമർ ഇടിഞ്ഞത്. ശബ്ദം കേട്ട് ഉണരുമ്പോൾ മൺകട്ടകൾ മാത്രമാണ് കാണുന്നത്. അനുജൻമാരായ റെജ്‌നാസിന്റെയും റിഷാലിന്റെയും നിലവിളിയാണ് പിന്നെ കേൾക്കുന്നത്. മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് ഓടിയെത്തിയപ്പോൾ മൺകൂടാരമായി മാറിയ മുറിയുടെ അരികിൽ നിലവിളിച്ചിരിക്കുന്ന സഹോദരങ്ങളെയാണ് കണ്ടത്. മനസ്സാന്നിധ്യം വിടാതെ ഇരുവരെയും കൂട്ടി ഒരു തരത്തിൽ റെജ്‌നാസ് വീടിനു പുറത്തിറങ്ങി. അപ്പോഴേക്കും റസാഖിനെയും ഭാര്യയെയും മരണം കീഴടക്കിയിരുന്നു. പ്രിയപ്പെട്ട ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി ഇല്ലാതായതിന്റെ വേദനയിൽ ഹൃദയം നുറുങ്ങുന്നതിനിടയിലും കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാനായത് റെജ്മലിനു നേരിയ ആശ്വാസമാകുകയാണ്. മാനന്തവാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയാണ് റെജ്മൽ. റെജ്‌നാസ് തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തിലും ഇളയവൻ മുഹമ്മദ് റിഷാൽ ആറിലുമാണ് പഠിക്കുന്നത്.