Sorry, you need to enable JavaScript to visit this website.

ജീവിതം വഴിമുട്ടിയ കുട്ടനാട്ടിലെ കർഷകർ

കുട്ടനാട്ടിൽ രണ്ടാം കൃഷിയും പാലക്കാട്ട് ഒന്നാം കൃഷിയും ഇറക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. പമ്പിംഗ് സബ്‌സിഡി ഇനത്തിൽ ഏക്കറിന് 1400 രൂപ വീതവും ഉൽപാദന ബോണസ് ഇനത്തിൽ ഹെക്ടറിന് 800 രൂപ വീതവും നൽകിക്കൊണ്ടിരുന്നതും മൂന്നു വർഷമായി നൽകുന്നില്ല. നെല്ലുവില ലഭിക്കാത്തതിനാൽ പലരുടെയും കാർഷിക വായ്പ തിരിച്ചടവും മുടങ്ങുകയാണ്. പലിശയ്ക്ക് കടമെടുത്തും സ്വർണം പണയം വെച്ചുമൊക്കെ കൃഷിയിറക്കുന്ന കർഷകർ, ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരിക്കുകയാണ്. നെല്ലുവില കിട്ടാതായതോടെ ജപ്തി ഭീഷണി നേരിടുകയാണ് പലരും. 


കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുട്ടനാട് ഇപ്പോൾ കർഷകരുടെ ശവപ്പറമ്പായി മാറുകയാണ്. കിടപ്പാടം പണയം വെച്ചും കെട്ടുതാലി പോലും വിറ്റും കൃഷിയിറക്കി നെല്ലുൽപാദിപ്പിക്കുന്ന കർഷകന് മനഃസമാധാനത്തോടെ അതിൽ നിന്നൊരു ഉരുള ചോറ് കഴിക്കാനാകാത്ത സ്ഥിതിയാണ്. കടം കയറി സമാധാനം നഷ്ടപ്പെട്ട കർഷകരിൽ രണ്ടുപേരാണ് രണ്ടു മാസത്തിനിടെ കുട്ടനാട്ടിൽ ജീവനൊടുക്കിയത്. 
ആരാണ് ഇതിനുത്തരവാദി? ന്യായങ്ങൾ പലത് നിരത്തുമെങ്കിലും കർഷകരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട അധികാരികൾ തന്നെയാണ് മറുപടി പറയേണ്ടത്. കർഷകൻ ചേറിൽ കാല് വെയ്ക്കുന്നതുകൊണ്ടാണ് നമുക്ക് ചോറിൽ കൈവെയ്ക്കാൻ കഴിയുന്നതെന്ന് നടൻ മമ്മൂട്ടി പറഞ്ഞ് അധികമാകുന്നതിനു മുമ്പാണ് ചേറിലിറങ്ങിയ കർഷകന് പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കേണ്ടി വന്നത്. എല്ലാം സഹിച്ച് ചേറിലേക്ക് ഇറങ്ങുന്ന കർഷകനെയും കർഷകത്തൊഴിലാളിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മഴയത്തും വെയിലത്തും അധ്വാനിച്ചും കടം വാങ്ങിയും പലിശയ്ക്കെടുത്തുമുണ്ടാക്കിയ നെല്ല് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയ വകയിൽ നാലായിരത്തോളം കർഷകർക്ക് 230 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ടെന്നാണ് ഏകദേശ കണക്ക്. അവസാനം സംഭരിച്ച നെല്ലിന്റെ വില മാത്രമല്ലിത്. കഴിഞ്ഞ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയും ഇതിൽ പെടും. പലവിധ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കർഷകർക്ക് എങ്ങനെയും ഫണ്ട് കൊടുക്കാതിരിക്കുന്ന സ്ഥിതിവിശേഷമുണ്ടാക്കുകയാണ് സപ്ലൈകോ ചെയ്യുന്നത്. 12 മുതൽ 24 ശതമാനം പലിശയ്ക്കു വരെ പണം വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരുണ്ട്. ഇവർക്ക് യഥാസമയം നെല്ലുവില ലഭിക്കാതിരുന്നാൽ പലിശ പോലും കൊടുത്തു വീട്ടാൻ കഴിയില്ല. മൂന്നു മാസം കൂടുമ്പോൾ പലിശയ്ക്കു മുകളിൽ പലിശയായി മുതലിനേക്കാളേറെ പലിശയുമായി കടംകയറി മുങ്ങുന്ന കർഷകന്റെ അധ്വാനമെല്ലാം വെറുതെയാകും. അവസാനം പിടിച്ചുനിൽക്കാനാകാതെ ഒരു കുപ്പി വിഷത്തിലോ, ഒരു മുഴം കയറിലോ ജീവിതം അവസാനിപ്പിച്ച് അവരങ്ങ് പോകും. എന്നാലും ഈ പലിശയും കടവും പോകുന്നില്ല. അത് ഒന്നുമില്ലാത്ത അനന്തരാവകാശിയുടെ തലയിലെത്തും. എട്ടും പൊട്ടും തിരിയാത്ത അവരെ തെരുവിലാക്കിക്കൊണ്ട് കിടപ്പാടം ബാങ്കുകളും വട്ടിപ്പലിശക്കാരും കൊണ്ടുപോകുന്ന സ്ഥിതിയുണ്ടാകും. 
ജീവനൊടുക്കിയ കർഷകൻ പ്രസാദും തന്റെ ആത്മഹത്യാകുറിപ്പിൽ ഇക്കാര്യം വെളിപ്പെടുത്തുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഡി റസീറ്റ് ഷീറ്റിനെ (പി.ആർ.എസ്) ആധാരമാക്കിയാണ് കർഷകർക്ക് ഇപ്പോൾ സർക്കാർ നെല്ലുവില നൽകുന്നത്. ബാങ്കുകൾ ഇത് വായ്പയായിട്ടാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ച് അറിയാവുന്ന പല കർഷകരും പിആർഎസ് മുഖേന നെല്ല് വില സ്വീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ മറ്റു മാർഗമില്ലാത്ത കർഷകർ പിആർഎസ് മുഖേന പണം സ്വീകരിക്കുകയും അത് അവർക്ക് ദുരിതമാവുകയും ചെയ്യുന്ന സ്ഥിതിയായി. സാമ്പത്തിക ഞെരുക്കത്തിലായ സർക്കാർ ബാങ്കുകളിലേക്ക് നെല്ലുവില കൃത്യമായി നൽകിയിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. കർഷകന്റെ ആത്മഹത്യയെത്തുടർന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞത് കുട്ടനാട്ടിൽ സംഭരിച്ച നെല്ലിന്റെ വിലയായി പിആർഎസ് മുഖേന നൽകിയ തുകയുടെ തിരിച്ചടവിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്നാണ്. തന്നെയുമല്ല, പാഡി റസീറ്റ് ഷീറ്റുമായി ബന്ധപ്പെട്ടുള്ള തിരിച്ചടവിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ അത് കർഷകരെ ബാധിക്കില്ലെന്നും മന്ത്രി പറയുന്നു. എന്നാൽ സ്ഥിതി അതല്ലെന്നാണ് കർഷകർ പറയുന്നതും അവരുടെ സിബിൽ ഘടന സൂചിപ്പിക്കുന്നതും. 
കുട്ടനാട്ടിലെ പുഞ്ചക്കൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടെയും നെല്ലുവിലയാണ് ഇതുവരെ കൊടുത്തുതീർക്കാത്തത്. കുട്ടനാട്ടിൽ ഏകദേശം 20,000 ഹെക്ടർ പാടശേഖരത്താണ് കൃഷിയുള്ളത്. ഇതിൽ ഏഴായിരത്തിൽപരം ഹെക്ടറിൽ ഇനിയും കൊയ്ത്ത് നടന്നിട്ടില്ല. ഇതിനിടെ അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളും വേണം. കൊയ്തെടുത്ത് സപ്ലൈകോക്ക് നൽകിയ നെല്ലിന്റെ വില കിട്ടാത്ത കർഷകരുടെ എണ്ണമേറിയപ്പോൾ പലരും കൊയ്യാൻ തന്നെ മടിക്കുകയാണ്. ഓണക്കാലത്തു തന്നെ മുഴുവൻ നെല്ലും കൊയ്തുതീരേണ്ടതാണ്. കാലാവസ്ഥയുടെ വ്യതിയാനം മൂലം കുട്ടനാട്ടിലെ കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷി രീതി നടക്കുന്നില്ല. അതുകൊണ്ടു തന്നെ, കൃഷിച്ചെലവ് ഗണ്യമായ തോതിൽ വർധിക്കുന്നതായും കർഷകർ പറയുന്നു. സംഭരിച്ച നെല്ലിന്റെ വില നൽകാത്തത് കുട്ടനാട്ടിലെ രണ്ടാം കൃഷിയിലും പാലക്കാട്ടെ ഒന്നാം കൃഷിയിലും വൻ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്. നെല്ലു നൽകുമ്പോൾ ലഭിക്കുന്ന പാഡി റെസീപ്റ്റ് ഷീറ്റും (പിആർഎസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാൽ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതെല്ലാം സമർപ്പിച്ച് കാത്തിരിക്കുകയാണ് കർഷകർ. സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നൂറിലധികം കർഷകർ ഈ ആവശ്യമുന്നയിച്ചു ഹൈക്കോടതിയിലെത്തിയ ഉെേട 50,000 രൂപയ്ക്കു താഴെയുള്ള ബില്ലുകൾ സർക്കാർ നൽകിത്തുടങ്ങിയെങ്കിലും പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിൽ കടുത്ത അതൃപ്തിയിലാണ് കർഷകർ. സപ്ലൈകോ അംഗീകരിച്ച മില്ലുകൾ നെല്ലെടുക്കുമ്പോൾ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റ്  ബാങ്കുകളിൽ നൽകി വ്യക്തിഗത വായ്പയായാണ് ബാങ്കുകൾ ഇപ്പോൾ കർഷകർക്ക് നെല്ലുവില നൽകുന്നത്. 
കുട്ടനാട്ടിൽ രണ്ടാം കൃഷിയും പാലക്കാട്ട് ഒന്നാം കൃഷിയും ഇറക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. പമ്പിംഗ് സബ്‌സിഡി ഇനത്തിൽ ഏക്കറിന് 1400 രൂപ വീതവും ഉൽപാദന ബോണസ് ഇനത്തിൽ ഹെക്ടറിന് 800 രൂപ വീതവും നൽകി ക്കൊണ്ടിരുന്നതും മൂന്നു വർഷമായി നൽകുന്നില്ല. നെല്ലുവില ലഭിക്കാത്തതിനാൽ പലരുടെയും കാർഷിക വായ്പ തിരിച്ചടവും മുടങ്ങുകയാണ്. പലിശയ്ക്ക് കടമെടുത്തും സ്വർണം പണയം വെച്ചുമൊക്കെ കൃഷിയിറക്കുന്ന കർഷകർ, ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരിക്കുകയാണ്. നെല്ലുവില കിട്ടാതായതോടെ ജപ്തി ഭീഷണി നേരിടുകയാണ് പലരും. 

Latest News