Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിന് പണം അനുവദിച്ച തീരുമാനം തിരുത്തി ശ്രീകണ്ഠാപുരം നഗരസഭ

കണ്ണൂർ - വിവാദത്തിന് പിന്നാലെ, നവകേരള സദസ്സിന് അരലക്ഷം രൂപ നൽകാനുള്ള തീരുമാനം തിരുത്തി യു.ഡി.എഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ. പ്രത്യക കൗൺസിൽ ചേർന്നാണ് നഗരസഭയുടെ തീരുമാനം. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ ഇടതുസർക്കാറിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പണം അനുവദിക്കാൻ തീരുമാനിച്ചത് വലിയ ചർച്ചയായിരുന്നു.
 വെള്ളിയാഴ്ചയാണ് നവകേരള സദസിന് അരലക്ഷം രൂപ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചത്. 18 യു.ഡി.എഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. ഈ തീരുമാനം ശരിയല്ലെന്നും തിരുത്തണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് നഗരസഭ പ്രത്യേക യോഗം വിളിച്ച് മുൻ തീരുമാനം റദ്ദാക്കിയത്.
 തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന് പണം നൽകണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാനാണ് ഉത്തരവിലുള്ളത്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് മൂന്നു ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്ന സർക്കാർ തീരുമാനം യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

Latest News