ജിദ്ദ - സ്വകാര്യ മേഖലാ ജീവനക്കാർക്ക് സർവീസ് (എക്‌സ്പീരിയൻസ്) സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനി മുതൽ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല. ഖിവാ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി സർവീസ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. സ്വകാര്യ മേഖലാ ജീവനക്കാരുടെ പരിചയസമ്പത്ത് തെളിയിക്കുന്ന ഔദ്യോഗിക രേഖയാണ് സർവീസ് സർട്ടിഫിക്കറ്റ്. ജോലി മാറുമ്പോൾ പുതിയ സ്ഥാപനങ്ങൾക്ക് കൈമാറാൻ സാധിക്കുന്നതിനാണ് ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
സ്വകാര്യ കമ്പനിയുമായും സ്ഥാപനവുമായുമുള്ള തൊഴിൽ കരാർ അവസാനിക്കുമ്പോൾ ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴി ഓൺലൈൻ ആയി സർവീസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ നേടാൻ പുതിയ സേവനം സ്വകാര്യ മേഖലാ ജീവനക്കാരെ സഹായിക്കുന്നു. ഈ സേവനം തൊഴിലാളികളുടെ അനുഭവം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യുന്നു.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർധിപ്പിക്കാനും നൂതന ഡിജിറ്റൽ പോംവഴികളിലൂടെ അന്താരാഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങൾ കൈവരിക്കാനും ബിസിനസ് മേഖലക്ക് 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും ഉയർത്തുകയും ചെയ്യുന്ന നിലക്ക് മുഴുവൻ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ രീതിയിൽ നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.