Sorry, you need to enable JavaScript to visit this website.

'നവകേരള സദസ്സിനുള്ള ഒരു കോടിയുടെ ബസ് ആഢംബരമല്ല'; 18ന് യാത്ര തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം - നവ കേരള സദസ്സ് നടക്കുന്ന 140 മണ്ഡലങ്ങളിലേക്കായി മന്ത്രിസഭാംഗങ്ങളുടെ യാത്രയ്ക്കായി വാങ്ങുന്ന പുതിയ ബസ് ആഢംബരമല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് വാങ്ങിയത് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് വിഹിതത്തിൽ നിന്നാണെന്നും നവകേരള സദസ് കഴിഞ്ഞാൽ ബസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
 സർക്കാരാണ് ബസിന് പണം നൽകുന്നത്. ബസ് നവീകരിക്കുന്നത് ആഢംബരമല്ല. ടോയ്‌ലറ്റ് അധികമായി ഉണ്ട് എന്നതൊഴിച്ചാൽ മറ്റൊരു ആഢംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
 ബസ് വാങ്ങിയതിലൂടെ സർക്കാരിന്റെ ചെലവ് കുറയുകയാണ് ചെയ്യുക. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ നവകേരള സദസ്സിന് ഇതിലും കൂടുതലാകും സർക്കാറിന് ചെലവ് വരിക. പുതുതായി വാങ്ങുന്ന കെ.എസ്.ആർ.ടി.സി ബസിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവും. ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. 18-ാം തിയ്യതി ബസ് കാസർഗോഡ് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവിലല്ലെന്നും മന്ത്രി പറഞ്ഞു.  
 സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ, നവകേരള സദസിന്റെ ഭാഗമായി സർക്കാർ അടിയന്തരമായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത് വ്യാപക വിമർശം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം. കെ.എസ്.ആർ.ടി.സിയുടെ വൻ ബാധ്യകൾ, ജനങ്ങളുടെ നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക, നിത്യോപയോഗ വസ്തുക്കളുടെ തീവില എന്നിവയെല്ലാം കടുത്ത തലവേദനയായി നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സാമ്പത്തിക ബാധ്യത കൂടി സാധാരണക്കാരന്റെ തലയിലേക്ക് അടിച്ചേൽപ്പിക്കുന്നത്. ഇടതുമുന്നണിയുടെ രാഷ്ട്രീയയാത്ര സർക്കാർ ചുമലിൽ ചാർത്തി പൊതുഖജനാവിനെ വീണ്ടും ധൂർത്തമാക്കുന്ന നിലപാടിൽനിന്ന് സർക്കാർ പിന്മാറുകയോ അതല്ലെങ്കിൽ സ്വന്തം പോക്കറ്റുകളിൽനിന്ന് എടുത്ത് യാത്ര നടത്തുകയോ വേണമെന്നാണ് പൊതുസമൂഹത്തിൽനിന്ന് ഉയരുന്ന വിമർശം.

Latest News