മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. വമ്പന്‍ ഷോട്ടുകളുമായി കുതിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒമ്പതാം ഓവറില്‍ ന്യൂസിലാന്റ് പുറത്താക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്തു. അഞ്ചാം സിക്‌സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന്‍ പിടിച്ചു. അതേ ഓവറില്‍ വിരാട് കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. ഒമ്പതോവറില്‍ ഇന്ത്യ ഒന്നിന് 75 റണ്‍സിലെത്തി. രോഹിതിന് ലോകകപ്പുകളില്‍ 50 സിക്‌സറായി. ക്രിസ് ഗയ്‌ലിനെ (വെസ്റ്റിന്‍ഡീസ്-48) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ആദ്യ പത്തോവറില്‍ തന്നെ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറെ ഇറക്കാന്‍ ന്യൂസിലാന്റ് നിര്‍ബന്ധിതരായി. ഏഴാമത്തെ ഓവര്‍ വരെ എല്ലാ ഓവറിലും ഇന്ത്യ പന്ത് അതിര്‍ത്തി കടത്തി.
വാംഖഡെയിലെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്‍പിച്ചത് ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അവിശ്വസനീയ ഇന്നിംഗ്‌സ് മാത്രം കാരണമാണ്.
രണ്ട് ടീമും മാറ്റമില്ലാതെയാണ് ഇറങ്ങിയത്. വിരാട് കോലി സെഞ്ചുറിയടിച്ചാല്‍ ഏകദിനത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാം. ഇപ്പോള്‍ സചിന്‍ ടെണ്ടുല്‍ക്കറുമായി റെക്കോര്‍ഡ് പങ്കിടുകയാണ്.