തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം രണ്ടുതവണ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് മാത്രം ചെലവായത് 72.09 ലക്ഷം രൂപ. അമേരിക്കയിലേക്കുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മറ്റു ചെലവുകള്‍ കൂടാതെയാണിത്.
2022 ജനുവരി 11 മുതല്‍ 27 വരെനടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയും 2022 ഏപ്രില്‍ 26 മുതല്‍ മേയ് ഒമ്പതുവരെ നടത്തിയ ചികിത്സയ്ക്ക് 42.27 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ഈ തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് പൊതുഭരണവകുപ്പില്‍നിന്ന് തുക നല്‍കി ഉത്തരവിറക്കി. ചികിത്സയ്ക്കായി മുഖ്യമന്ത്രി മയോക്ലിനിക്കിലേക്ക് പോയപ്പോള്‍ ഭാര്യ കമല, പി.എ. സുനിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
എം.എല്‍.എ. ഹോസ്റ്റലിലെ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.
2022 ഏപ്രില്‍ 21 മുതല്‍ 2022 ഡിസംബര്‍വരെ ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ അവര്‍ക്കായി 47,796 രൂപ ചെലവായി. മുഖ്യമന്ത്രിക്ക് ഇതേക്ലിനിക്കില്‍ ചെലവായത് 28,646 രൂപയാണ്. 2021 ഏപ്രില്‍ 16 മുതല്‍ 2021 ഓഗസ്റ്റ് വരെ ഇരുവരുടെയും ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലെ ചികിത്സയ്ക്ക് 42,057 രൂപയും അനുവദിച്ചിരുന്നു.
ചികിത്സാചെലവ് അനുവദിച്ചെങ്കിലും മുഖ്യമന്ത്രി അമേരിക്കയിലെ മയോക്ലിനിക്കല്‍ എന്ത് ചികിത്സയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി സി.ആര്‍. പ്രാണകുമാര്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും മറുപടി നല്‍കിയിട്ടില്ല.