വലിയൊരു രാഷ്ട്രീയ ശൂന്യതയാണ് തമിഴ്‌നാട് ഇപ്പോൾ നേരിടുന്നത്. അധികാരത്തിന്റെ തലമുറമാറ്റം. നവോഥാന പാരമ്പര്യമുള്ള രാഷ്ട്രീയം ആധുനികതക്ക് വഴിമാറാൻ നിർബന്ധിതമാകും. ജയക്ക് ശേഷം ദുർബലമായ അണ്ണാ ഡി.എം.കെയും ഭിന്നതയുടെ വേരുകൾ ശക്തമായ ഡി.എം.കെയും സൂത്രക്കണ്ണുകളുമായി നോക്കിയിരിക്കുന്ന ബി.ജെ.പിയും തമിഴ്‌നാട് രാഷ്ട്രീയത്തെ എങ്ങോട്ട് നയിക്കും?
സങ്കടക്കടലായിരുന്നു മറീന ബീച്ച്. ദ്രാവിഡ രാഷ്ട്രീയത്തെ ത്രസിപ്പിച്ച കലൈഞ്ജർ കരുണാനിധിക്ക് അന്ത്യയാത്ര നൽകുമ്പോൾ, വൻപുരുഷാരത്തോടൊപ്പം നിലവിട്ട് നിലവിളിച്ചവരിൽ അദ്ദേഹത്തിന്റെ മക്കളുമുണ്ടായിരുന്നു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും ഭാവിയിൽ പ്രസിഡന്റ് എന്ന് കരുതപ്പെടുന്നയാളുമായ എം.കെ. സ്റ്റാലിൻ, ഒരിക്കൽ കരുണാനിധിയുടെ അപ്രീതിക്ക് പാത്രമായി പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രീയ ചതുരംഗക്കളിയിൽ അഗ്രഗണ്യനായ എം.കെ. അഴഗിരി, ദേശീയ രാഷ്ട്രീയത്തിൽ ഡി.എം.കെയുടെ പ്രസന്നമുഖമായ കനിമൊഴി, മുൻ കേന്ദ്രമന്ത്രികൂടിയായ ദയാനിധി മാരൻ എന്നിവരൊക്കെ നിയന്ത്രണം വിട്ട് നിലവിളിച്ചു. ദുഃഖത്തിൽ ഒരുമിച്ചവർ, ഇനി പാർട്ടിയെ മുന്നോട്ട് നയിക്കാനും ഒരുമിക്കുമോ എന്നതാണ് കലൈഞ്ജർ പോയ്മറയുമ്പോൾ ഡി.എം.കെയെ സംബന്ധിച്ച ഏറ്റവും പ്രസക്തമായ ചോദ്യം.
തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സവിശേഷമായ ദ്രാവിഡ മുഖത്തിന്റെ ശിൽപികളിൽ ഒരാളാണ് കഥാവശേഷനായത്. മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതക്കോ അവരുടെ രാഷ്ട്രീയ ഗുരു എം.ജി.ആറിന് പോലുമോ അവകാശപ്പെടാനാകാത്ത സമ്പന്നവും വിപ്ലവകരവുമായ രാഷ്ട്രീയ ഭൂതകാലമുള്ളയാളായിരുന്നു കരുണാനിധി. തമിഴ് ഉപദേശീയതയെ ജ്വലിപ്പിച്ച് നിർത്താനും തമിഴ് ഭാഷയെ തമിഴന്റെ മുൻഗണനകളിൽപെടുത്താനും കഴിഞ്ഞ നേതാവ്. ആ പാരമ്പര്യത്തിന്റെ ഒരുപക്ഷെ അവസാനത്തെ കണ്ണിയെന്ന് പോലും വിശേഷിപ്പിക്കപ്പെടാവുന്നയാൾ. തിരമാലപോലെ ആഞ്ഞടിച്ചെത്തിയ തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെ പ്രവാഹത്തിൽ ഒഴുകിയെത്തിയയാളായിരുന്നു എം.ജി.ആർ. തിരശ്ശീലയിലെ തമ്പുരാനായിരുന്നെങ്കിലും ബൗദ്ധികമായോ രാഷ്ട്രീയമായോ കരുണാനിധിയുടെ പ്രഭാവത്തിന് അടുത്തെങ്ങും എത്തുന്നയാളായിരുന്നില്ല അദ്ദേഹം. കരുണാനിധിയെന്ന പ്രതിഭാശാലിയുടെ തൂലികയിൽ ഉരുവംകൊണ്ട കഥാപാത്രങ്ങളുടെ ഉശിരാണ് എം.ജി.ആറിനെ മഹാനടനാക്കിയത്. എന്നാൽ തിരശ്ശീലയിലെ ആട്ടം കണ്ട് ഭ്രമിച്ച തമിഴർ എം.ജി.ആറിനെ ആരാധിച്ചു. രജനീകാന്തും കമലഹാസനുമടക്കമുള്ള നടന്മാർ ഇന്നും അനുഭവിക്കുന്ന ജനപിന്തുണയുടെ അടിസ്ഥാനവും അതുതന്നെ. അന്ധമായ താരാരാധനയുടെ സൃഷ്ടി മാത്രമായിരുന്നു എം.ജി.ആർ. കരുണാനിധിയാകട്ടെ, നവോഥാന മൂല്യങ്ങളിൽ ഉയിർകൊണ്ട രാഷ്ട്രീയ തീച്ചൂളയിൽ വെന്തുപരുവപ്പെട്ടയാളും. വ്യത്യാസം വലുതായിരുന്നു.
എം.ജി.ആറിന് ശേഷം തമിഴകത്തിന്റെ സ്ഥായിയായ എല്ലാ നാടകീയതകൾക്കുമിടയിൽ അധികാര സിംഹാസനത്തിലേക്കുയർപ്പെട്ട ജയലളിതയും മഹത്തായ രാഷ്ട്രീയപാരമ്പര്യത്തിന് ഉടമയൊന്നുമായിരുന്നില്ല. സിനിമാഭിനയവുമായി അയൽസംസ്ഥാനത്തുനിന്ന് ചേക്കേറി, എം.ജി.ആറിന്റെ പ്രാണപ്രേയസിയായി മാറിയതു മാത്രമായിരുന്നു ജയലളിതയുടെ യോഗ്യത. എം.ജി.ആറിന്റെ ശവമഞ്ചം വഹിച്ച വാഹനത്തിൽനിന്ന് ചവിട്ടിയിറക്കപ്പെട്ട ജയലളിതയോട് തമിഴ് മക്കൾ കാണിച്ച അൻപ് മാത്രമായിരുന്നു അവരുടെ രാഷ്ട്രീയ മൂലധനം. പറഞ്ഞിട്ടെന്തുകാര്യം, ദശാബ്ദങ്ങളുടെ ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യമുള്ള കരുണാനിധിയെ തകർത്തെറിയാൻ ജയലളിതക്ക് കഴിഞ്ഞു. ഏകാധിപതിയെപ്പോലെ അവർ തമിഴ്‌നാട് ഭരിച്ചു. വലിയ വലിയ ആശയങ്ങളുടെ പ്രപഞ്ചം തീർത്ത് രാഷ്ട്രീയപ്രവർത്തനം നടത്തിയ കരുണാനിധിയെ അവർ അഴിമതിയുടെ വലക്കുള്ളിൽ പൂട്ടി. സ്വയം അഴിമതി നടത്തുമ്പോഴും എതിരാളികൾക്കായി അതേ ആയുധം തന്നെ കരുതിവെച്ചു. ബ്രാഹ്മണാധിപത്യത്തിനെതിരെ തുറന്ന യുദ്ധം നയിച്ച ദ്രാവിഡ കഴകത്തിന്റെ ഒരു കഷ്ണത്തെ ബ്രാഹ്മണ്യത്തിന്റെ എല്ലാ അധീശഃഭാവത്തോടെയും നയിക്കുകയെന്ന വൈരുധ്യമാണ് ജയയിൽ കണ്ടത്.
ദേശീയ രാഷ്ട്രീയധാരയെ തൂത്തെറിഞ്ഞ്, ദ്രാവിഡ രാഷ്ട്രീയം മേൽക്കൈ സ്ഥാപിച്ച അറുപതുകളുടെ ഒടുവിൽ, അണ്ണാ ദുരൈയുടെ ആകസ്മിക വേർപാടാണ് കരുണാനിധിയെ ഭരണാധികാരത്തിലേക്കുയർത്തുന്നത്. അത് അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായിരുന്നു. രണ്ടു വർഷം മാത്രം ഭരിച്ച അണ്ണാ ദുരൈയുടെ കാലത്ത് ദ്രാവിഡ രാഷ്ട്രീയം ശൈശവദശയിലായിരുന്നു. വേണ്ടത്ര പക്വത കൈവരിക്കാനും തമിഴകത്തെ ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടുത്തിയെടുക്കാനും കഴിയുംമുമ്പേയാണ് അണ്ണാ വിട പറഞ്ഞത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ കോൺഗ്രസിനെ പടികടത്തിയെങ്കിലും സ്വന്തം ആഭ്യന്തര വൈരുദ്ധ്യങ്ങൾ പരിഹരിക്കാനോ ഭിന്നതകൾ അവസാനിപ്പിക്കാനും ദ്രാവിഡ കഴകത്തിന് കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ എം.ജി.ആറിനെപ്പോലെ ഒരു ശക്തൻ പിണങ്ങി മാറിയപ്പോൾ അതിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ കരുണാനിധിക്കായില്ല. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും താൻ പണിതുയർത്തിയ പ്രസ്ഥാനത്തിന് വിലങ്ങിടാൻ കേവലം ഒരു അഭിനേതാവ് മാത്രമായ എം.ജി.ആറിന് സാധിക്കില്ലെന്ന കരുണാനിധിയുടെ അമിതമായ ആത്മവിശ്വാസം തിരിച്ചടിക്കുകയായിരുന്നു. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും വൈകാരികമായി പ്രതികരിക്കാനുള്ള പ്രവണതയും തമിഴകത്ത് എം.ജി.ആറിന് തുണയാകുകയായിരുന്നു. സാമൂഹിക ഉച്ചനീചത്വങ്ങൾക്കും ബ്രാഹ്മണാധിപത്യത്തിനും ജാതീയ അടിച്ചമർത്തലുകൾക്കുമെതിരെ രംഗത്തുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം അതിവേഗം അഴിമതിയിലേക്കും പരസ്പര പോരിലേക്കും വഴുതി വീഴാനാണ് ഇതെല്ലാം ഇടയാക്കിയത്.
ഇന്ന് കരുണാനിധികൂടി അരങ്ങൊഴിയുമ്പോൾ, ആ രാഷ്ട്രീയ നവോഥാന കാലത്തിന്റെ പിന്തുടർച്ചക്കാരായി ആരുമില്ല എന്നതാണ് വാസ്തവം. കരുണാനിധി നിർത്തിയേടത്തുനിന്ന് തുടങ്ങാൻ അദ്ദേഹത്തിന്റെ മക്കളോ, ദ്രാവിഡ രാഷ്ട്രീയം തന്നെ പയറ്റുന്ന എതിരാളികളോ പ്രാപ്തരല്ല. കരുണാനിധി ഇല്ലാതാകുന്നതോടെ ഡി.എം.കെയിൽ പൊട്ടിപ്പുറപ്പെടാൻ പോകുന്ന ആഭ്യന്തര യുദ്ധത്തിന്റെ പോർവിളികൾക്കായി കാതോർക്കുകയാണ് തമിഴകം. നേരത്തെ ഉടക്കി നിൽക്കുന്ന അഴഗിരിയും പിന്തുടർച്ചാവകാശം കരുണാനിധിയുടെ കാലത്തുതന്നെ ഉറപ്പിച്ച സ്റ്റാലിനും ഈ കലാപത്തിന്റെ രണ്ടു ഭാഗത്തായുണ്ട്. ജയലളിതയുടെ മരണത്തോടെ ബി.ജെ.പിയുടെ നിയന്ത്രണത്തിലായ അണ്ണാ ഡി.എം.കെയും തമിഴ്‌നാട് പിടിക്കാൻ മോഡിയുടെയും അമിത് ഷായുടേയും നേതൃത്വത്തിലുള്ള ബി.ജെ.പി നടത്തുന്ന കളികളും കൂടിയാകുമ്പോൾ, ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അനന്തസാധ്യതകളാണ് തമിഴകത്തെ കാത്തിരിക്കുന്നതെന്ന് പറയേണ്ടി വരും.
തമിഴ്‌നാട്ടിലെ സമകാലിക സാഹചര്യം വിലയിരുത്തുമ്പോൾ പല രാഷ്ട്രീയ നിരീക്ഷകരും മഹാരാഷ്ട്രയിലേക്കാണ് വിരൽചൂണ്ടുന്നത്. ശിവസേന നേതാവ് ബാൽതാക്കറെയുടെ മരണത്തോടെ ആ പാർട്ടിയിലുണ്ടായ അധികാരവടംവലികളും പിളർപ്പുമൊക്കെ അതേ രൂപത്തിൽ തമിഴ്‌നാട്ടിലെ ഡി.എം.കെയിലും ആവർത്തിച്ചുകൂടായ്കയില്ല. ഡി.എം.കെയും ശിവസേനയും തമ്മിലും കരുണാനിധിയും ബാൽതാക്കറെയും തമ്മിലും ഇക്കാര്യത്തിൽ സാമ്യങ്ങളേറെയുണ്ട്.
എഴുത്തുകാരനും വാഗ്മിയുമായിരുന്നു കരുണാനിധി, തീപ്പൊരി പ്രസംഗകനും കാർട്ടൂണിസ്റ്റുമായിരുന്നു താക്കറെ. തമിഴന്റെ ദ്രാവിഡ അഭിമാനവും ഭാഷാ പോരാട്ടവും ഉയർത്തിപ്പിടിച്ചാണ് കരുണാനിധി രാഷ്ട്രീയമായി വളർന്നത്. മറാഠാ വികാരം ജ്വലിപ്പിച്ചും അന്യസംസ്ഥാനക്കാർക്കെതിരെ വിദ്വേഷം വളർത്തിയുമാണ് താക്കറെ ശിവസേന കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ മരണ ശേഷം മകൻ ഉദ്ധവ് താക്കറെ പിൻഗാമിയായപ്പോൾ, അനന്തരവൻ രാജ് താക്കറെ മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചാണ് പ്രതികരിച്ചത്. സമാനമായ അവസ്ഥ തന്നെയാണ് തമിഴകത്ത് ഡി.എം.കെയിലും. അഴഗിരി മാത്രമല്ല സ്റ്റാലിന് വെല്ലുവിളി. ബന്ധുക്കളായ കലാനിധി മാരനും ദയാനിധി മാരനും എന്തു നിലപാട് സ്വീകരിക്കുന്നു എന്നതും പ്രധാനമാണ്. കരുണാനിധിയുടെ അനന്തരവൻ പരേതനായ മുരശൊലി മാരന്റെ മക്കളാണ് ഇവർ. അഴഗിരി വലിയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ ഇടയില്ലെങ്കിലും മാരൻ സഹോദരന്മാർ അദ്ദേഹത്തോടൊപ്പം ചേർന്നാൽ സ്ഥിതി മാറും.
പിന്നോക്ക വിഭാഗങ്ങൾ ഒന്നടങ്കം അണിചേർന്ന രണ്ട് ദ്രാവിഡ പാർട്ടികളുടെ അമരത്തിരുന്നവരാണ് അടുത്തടുത്തായി വിടപറഞ്ഞിരിക്കുന്നത്. അവസരവാദപരമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിലും സവർണ ദേശീയ പാർട്ടികളെ തടുത്തുനിർത്തുന്നതിൽ ഇരു ദ്രാവിഡ പാർട്ടികളും അവരുടേതായ പങ്ക് വഹിച്ചിരുന്നു. ഈ രാഷ്ട്രീയ ശൂന്യതയിലേക്കാണ് ബി.ജെ.പി അടക്കമുള്ള കക്ഷികളുടെ നോട്ടം. യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെയുമായി കോൺഗ്രസ് ഇപ്പോഴും നല്ല ബന്ധത്തിലാണ്. ജയലളിതയുടെ മരണത്തിന് ശേഷം ശക്തമായ നേതൃത്വമില്ലാതായ അണ്ണാ ഡി.എം.കെയാകട്ടെ, പ്രധാനമന്ത്രി മോഡിയുടെ പാവയായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ വരുന്ന തമിഴ്‌നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് ദ്രാവിഡ കക്ഷികളെ മുന്നിൽ നിർത്തി മോഡിയും കോൺഗ്രസും തമ്മിലുളള ഏറ്റുമുട്ടലായിരിക്കും എന്ന് കരുതുന്നവരുമേറെയാണ്.
കമൽഹാസൻ, രജനികാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശവും തമിഴ്‌നാടിന് പുതിയ ദിശാബോധം നൽകിയേക്കും. ബാലെ കളിച്ചും പുരാണ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചുമൊക്കെ, രാഷ്ട്രീയ ബോധവത്കരണത്തിന് ശ്രമിച്ച നേതാക്കളുടെ തലമുറ അസ്തമിച്ചു കഴിഞ്ഞു.
വ്യവസായവൽക്കരണവും വിവര സാങ്കേതിക വിദ്യയും നവമാധ്യമങ്ങളും സ്വാധീനം ചെലുത്തുന്ന, വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാരുള്ള നാടാണ് ഇപ്പോൾ തമിഴ്‌നാട്. അതിനാൽ തന്നെ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത മൂല്യങ്ങളോ, പ്രവർത്തനരീതികളോ ഫലപ്പെടാനിടയില്ല. ആധുനിക കാലത്തിനനുസരിച്ച്, രാഷ്ട്രീയത്തേയും പരിവർത്തിപ്പിക്കാൻ ആർക്കു കഴിയുമോ അവരോടൊപ്പമായിരിക്കും തമിഴകത്തെ യുവാക്കൾ എന്ന് അനുമാനിക്കുന്നതായിരിക്കും കൂടുതൽ സംഗതം.