ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ലെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽവെച്ച് പറഞ്ഞ ദിവസം തന്നെയാണ് ഉത്തർപ്രദേശിലെ ഹാപൂരിൽ പശുസംരക്ഷണത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതക കേസിലെ പ്രതികളിലൊരാളായ സിസോദിയയുടെ കുറ്റസമ്മതവും പുറത്തുവന്നത്. രാഷ്ട്രപതിയെ പോലെ തന്നെ ഗോ സംരക്ഷകർക്കും മാന്യതയും സ്ഥാനമാനങ്ങളും ലഭിക്കുന്ന പുതിയ ഇന്ത്യയിൽ വൈരുധ്യങ്ങൾ സ്വാഭാവികമാണ്.
ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതിയും മറ്റു ഭരണ മേധാവികളും ആൾക്കൂട്ട കൊലകൾക്കെതിരെ സംസാരിക്കുമ്പോൾ തന്നെയാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടേയും അവയെ നിയന്ത്രിക്കുന്ന സംഘ്പരിവാറിന്റേയും നേതാക്കൾ ഗോ രക്ഷയുടെ പേരിൽ മനുഷ്യരെ നിർദയം അടിച്ചുകൊല്ലുന്നവരെ സംരക്ഷിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരെ നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറക്കി അവരെ പൂമാലയിട്ട് സ്വീകരിക്കുന്നത് മന്ത്രിമാരും ജനപ്രതിനിധികളുമാണ്.
ഉത്തർപ്രദേശിലെ ഹാപൂരിൽ പശുസംരക്ഷണത്തിൻറെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ അടിയന്തര വാദം കേൾക്കാൻ തയാറാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ സിസോദിയയുടെ കുറ്റം സമ്മതിച്ചുകൊണ്ടുള്ള വെളിപ്പെടുത്തലുകൾ എൻ.ഡി.ടി.വി ചാനൽ ഒളികാമറയിലൂടെ പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണിത്.
വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഹാപൂർ സംഭവത്തിൽ ഇരകളായവരുടെ അഭിഭാഷകർ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്നും വിചാരണ ഉത്തർപ്രദേശിന്റെ പുറത്ത് നടത്തണമെന്നുമാണ് ഇരകളുടെ ആവശ്യം. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 18നാണ് ഉത്തർപ്രദേശിലെ ഹാപൂറിൽ ഖാസിം ഖുറേഷി എന്നയാൾ കൊല്ലപ്പെട്ടത്. കേസിൽ പ്രദേശവാസിയായ യുധിഷ്ഠിർ സിംഗ് സിസോദിയയെ മുഖ്യപ്രതിയാക്കി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. പോലീസ് തങ്ങളുടെ ഒപ്പമുണ്ടെന്നും ആയിരങ്ങളെ കൊല്ലാനും ആയിരം തവണ ജയിലിൽ പോകാനും തങ്ങൾ തയാറാണെന്നും സിസോദിയ പറയുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. കൊലപാതകത്തിന്റെ വിവരം താൻ ജയിൽ അധികാരികളോടു വെളിപ്പെടുത്തിയിരുന്നെന്നും അഞ്ചാഴ്ചത്തെ ജയിൽ ശിക്ഷയ്ക്കുശേഷം തനിക്ക് വീരോചിതമായ വരവേൽപ്പാണ് ലഭിച്ചതെന്നും സിസോദിയ പറയുന്നത് ഒളികാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാജസ്ഥാനിലെ അൽവാറിൽ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ജാമ്യം നേടിയ മറ്റൊരു പ്രതി വിപിൻ യാദവ് സമ്മതിച്ചിരിക്കുന്നത് അവിടെ മർദിച്ചു കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെന്ന ക്ഷീരകർഷകനെ താൻ ഒന്നര മണിക്കൂറോളം തല്ലിച്ചതച്ചുവെന്നാണ്. 55 വയസ്സായ പെഹ്‌ലുഖാനെ കൊല്ലാൻ 200 പേരുണ്ടായിരുന്നുവെന്നും തന്റെ പേര് പോലീസിന് ലഭിച്ച പരാതിയിലോ എഫ്.ഐ.ആറിലോ ഇല്ലെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജി അനുവദിച്ചുകൊണ്ടാണ് വിപിൻ യാദവിനെ കോടതി ജയിൽമോചിതനാക്കിയത്. എൻ.ഡി.ടി.വി ചാനൽ സംഘത്തോട് തന്നെയാണ് താൻ പെഹ്‌ലുഖാന്റെ ട്രക്ക് പിന്തുടർന്ന കാര്യവും മർദിച്ച കാര്യവും ഇയാൾ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് രാജസ്ഥാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരസ്പര ബഹുമാനത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട നാടാണു കേരളമെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും ഇതിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നതു ശരിയല്ലെന്നും ഉണർത്തിയാണ് രാഷ്ട്രപതി ദൽഹിക്ക് മടങ്ങിയത്.
രാഷ്ട്രപതി മാത്രമല്ല, പ്രധാനമന്ത്രി മോഡിയും അക്രമങ്ങൾക്കും അസഹിഷ്ണുതക്കുമെതിരെ ധാരാളം പ്രസംഗിക്കാറുണ്ട്. എന്നാൽ പൗരാവകാശങ്ങളെ കുറിച്ചും സഹിഷ്ണുതയെ കുറിച്ചും ഉണർത്തുന്നവർ നിയമം കൈയിലെടുക്കുന്നവർക്കെതിരെ എന്തു നടപടികളെടുക്കുന്നുവെന്നും അതിന്റെ പരിണതി എന്തെന്നും ചൂണ്ടിക്കാട്ടുന്നതാണ് അപൂർമായെങ്കിലും ചില മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ.
ആൾക്കൂട്ട കൊലകളെ നിയന്ത്രിക്കേണ്ടതും നേരിടേണ്ടതും സംസ്ഥാന സർക്കാരുകളും സമൂഹ മാധ്യമങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വാട്‌സ്ആപ്പുമാണെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. അഭ്യൂഹങ്ങളും വ്യാജവാർത്തകളുമാണ് ആൾക്കൂട്ട കൊലകളിലേക്ക് നയിക്കുന്നതെന്ന് സമ്മതിക്കുമ്പോൾ പോലും ഗോരക്ഷാ ഭീകരർ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇത്തരം കിരാത കൃത്യങ്ങൾ നടത്തുന്നതെന്ന വസ്തുതകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വാട്‌സാപ്പ് ഇന്ത്യയിൽ ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്. ഈ ലക്ഷ്യവുമായി ഇന്ത്യൻ തലവൻ തന്നെയുള്ള ഒരു സംഘത്തെ നിയോഗിക്കുമെന്നും അവർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കയാണ്. എന്നാൽ കേന്ദ്ര സർക്കാർ അതുകൊണ്ട് തൃപ്തരായിട്ടില്ല. വ്യാജ സന്ദേശം നിർമിച്ച് പോസ്റ്റ് ചെയ്യുന്ന ആദ്യത്തെയാളെ കിട്ടണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അങ്ങനെ ഉറവിടം വ്യക്തമാക്കിയാൽ തങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആരംഭിച്ച എൻക്രിപ്ഷൻ അടക്കം എല്ലാം വൃഥാവിലാകുമെന്ന് വാട്‌സാപ്പ് പരിതപിക്കുന്നു.
വാട്‌സാപ്പ് വ്യാജവാർത്തകളുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. പതിനായരിക്കണക്കിന് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും സന്ദേശങ്ങളുമാണ് നരേന്ദ്ര മോഡിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും തുണച്ചതെന്നത് ചരിത്രമാണ്. ഇപ്പോഴും വ്യാജ വാർത്തകളും വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും കൂടുതലായി പ്രചരിപ്പിക്കുന്നത് സംഘ് പരിവാർ ബന്ധമുള്ള നേതാക്കളും ഗ്രൂപ്പുകളുമാണ്. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പാർട്ടിയുടേയും അനുബന്ധ സംഘടകളുടേയും വലിയ നേതാക്കൾ പോലും ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്നു.
ആൾക്കൂട്ട കൊലകളുടെ പേരിൽ സമൂഹമാധ്യമങ്ങളെ സെൻസർഷിപ്പിന്റെ വരുതിയിൽ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾ വിജയിച്ചാൽ കേന്ദ്ര സർക്കാരിന് അത് ഇരട്ട നേട്ടമായിരിക്കും സമ്മാനിക്കുക. ഭരണപരാജയങ്ങൾ മറച്ചുവെക്കാനും സമൂഹത്തിലെ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് വിദ്വേഷ പ്രചാരണം നടത്താനും അത് അവസരമൊരുക്കും. അമിത വിമർശനങ്ങൾ പാടില്ലെന്ന് സുപ്രീം കോടതിയോട് പോലും കൽപിക്കുന്ന സർക്കാർ നിലപാട് ഫാസിസ്റ്റ് പ്രവണതയാണെന്ന് തിരിച്ചറിഞ്ഞ് സമൂഹ മാധ്യമങ്ങളെ നിയന്തിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. എലിയെ കൊല്ലാൻ ഇല്ലം ചുടാൻ അനുവദിക്കരുത്.