ദോഹ - കുഞ്ഞുനാളിൽ അറിവിൻ അക്ഷരങ്ങൾ നുകർന്നുനൽകിയ ഇറാഖി അധ്യാപകനോടുള്ള സ്‌നേഹാദരം ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ചടങ്ങിൽ പൊതുവേദിയിൽ വെച്ച് പരസ്യമായി പ്രകടിപ്പിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. എലിമെന്ററി ഘട്ടത്തിൽ തന്റെ അധ്യാപകനായിരുന്ന മുഹമ്മദ് അൽഹസനിയെയോടുള്ള സ്‌നേഹാദരങ്ങളാണ് ഖത്തർ അമീർ പ്രകടിപ്പിച്ചത്. തന്റെ മുൻ ഗുരുവര്യൻ വേദിയിലുണ്ടെന്ന് അന്വേഷിച്ചറിഞ്ഞ ഖത്തർ അമീർ അധ്യാപകനു സമീപം ധൃതിയിൽ നടന്നെത്തി കുശലം പറഞ്ഞ് ഊഷ്മളമായി ആശ്ലേഷിക്കുകയായിരുന്നു. ഖത്തർ അമീറിനെ അധ്യാപകൻ തിരിച്ചും ആശ്ലേഷിച്ചു. കുശലാന്വേഷണം നടത്തിയും പരിചയം പുതുക്കിയും ഇരുവരും പലതവണ ആശ്ലേഷിച്ചു.
അവസാനം മുഹമ്മദ് അൽഹസനിയുടെ ശിരസ്സിൽ ശൈഖ് തമീം ചുംബനം നൽകി സ്‌നേഹാദരവും ബഹുമാനവും ഒന്നുകൂടി പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ച പുരുഷാരം ഹർഷാരവം മുഴക്കി അധ്യാപകനോടുള്ള ഖത്തർ അമീറിന്റെ സ്‌നേഹാദര പ്രകടനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
— مقاطع منوعة (@AmiraAh26894828) November 14, 2023