Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന്റെ ഫലസ്തീൻ റാലി നവകേരള സദസ്സ് കുളമാക്കാനെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് - കോൺഗ്രസിന്റെ കോഴിക്കോട്ടെ ഫലസ്തീൻ റാലിക്ക് വേദി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതികരിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. 
 നേരത്തെ തന്ന റാലി അനുമതി നിഷേധിച്ചെങ്കിലും നിശ്ചയിച്ചതുപോലെ റാലി കോഴിക്കോട് ബീച്ചിൽ വെച്ചുതന്നെ നടക്കുമെന്ന്് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോൾ നവകേരള സദസ്സ് കുളമാക്കാനാണ് കോൺഗ്രസ് പരിപാടിയെന്നാണ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന്റെ വിമർശം.
  ഫലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള കോൺഗ്രസ് ആരോപണങ്ങൾ അവരുടെ ജാള്യതയും ഇരട്ടത്താപ്പും മറയ്ക്കാനാണെന്ന് മന്ത്രി റിയാസ് ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുമ്പ് അവിടെ വേദി ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുമ്പല്ല വേദി തീരുമാനിക്കേണ്ടതെന്നും കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
 എന്നാൽ, കോൺഗ്രസിന്റെ റാലിയുടെ വേദി എവിടെ വേണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ നേരത്തെ അനുമതി ലഭിച്ചതാണെന്നും മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാറും എം.കെ രാഘവൻ എം.പിയും വ്യക്തമാക്കി. 
 അതേസമയം, നവകേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നു മാത്രമാണ് പറഞ്ഞതെന്നും ബിച്ചിൽ തന്നെ മറ്റെവിടെയെങ്കിലും കോൺഗ്രസിന് റാലി നടത്താൻ തടസ്സമില്ലെന്നും കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീൻ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവകേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണെന്നും കലക്ടർ വ്യക്തമാക്കി.

Latest News