പ്രണയത്തെയെന്നത് പോലെ മരണത്തെ കുറിച്ച് ചായയും കടിയും കഴിച്ചു കൊണ്ട് സംസാരിക്കാന്‍ സാധ്യമാണൊ?
കുറ്റിപ്പുറം കുമ്പിടി ഹാര്‍മ്മോണിയസ് ലിവിങ് സെന്ററില്‍ നടന്ന ഡെത്ത് കഫേ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു. പാഠഭേദം സബാള്‍ട്ടണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഇതിനു മുന്‍പും ഒരിക്കല്‍ ഡെത്ത് കഫേ നടന്നിട്ടുണ്ട്.
ഒരു വ്യാഴവട്ടം മുന്‍പ് ലണ്ടനില്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണിതെന്നറിയുന്നു. മരണത്തെയും മരിക്കുന്നതിനെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, മരണഭീതിയില്ലാതാക്കുക ഇതൊക്കെയാണ് ഉദ്ദേശങ്ങള്‍.
പേടിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ ഏറ്റവും ഉറപ്പുള്ള യാഥാര്‍ഥ്യമാണ് മരണം. ജനനത്തെ പോലെ മരണവും നാം തെരഞ്ഞെടുക്കുന്നതല്ല. മരണത്തെ അഭിമുഖീകരിച്ചപ്പോഴാണ് മനുഷ്യന്‍ ജീവിതത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് മതഭാവനകളും മത വിശ്വാസങ്ങളും ദര്‍ശനങ്ങളും ആരംഭിച്ചത്.
മരണത്തോടെ ദേഹി ദേഹത്തെ ഭൂമിയില്‍ ഉപേക്ഷിച്ച് അപരലോകത്തിലേയ്ക്ക് പോകുന്നു. ദേഹം പ്രകൃതിയില്‍ ലയിച്ചു ചേരുന്നു. ദേഹിക്ക് എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ചുള്ള മിസ്റ്ററി അജ്ഞേയമായി തുടരുന്നു.
ദേഹി എന്നാല്‍ എന്താണ് ? ഞാന്‍ എന്ന ബോധമാണൊ? പ്രാണന്‍ എന്നാണോ? ദേഹമില്ലാത്ത ഒരു നിലനില്‍പ്പ് അതിന് സാധ്യമാണൊ?
പുനര്‍ജ്ജനികളിലൂടെ ആത്മാവിന്റെ പ്രയാണം തുടരുന്നതായി ചിലര്‍ വിശ്വസിക്കുന്നു. ജീവിതകാലത്ത് ചെയ്ത കര്‍മ്മങ്ങള്‍ക്ക് അവസാനവിധിയും തീര്‍പ്പും സ്വര്‍ഗ്ഗനരകങ്ങളുമൊക്കെയുണ്ടാകുമെന്ന വിശ്വാസങ്ങളും നിലനില്‍ക്കുന്നു. ബുദ്ധമതത്തില്‍ ആത്മാവിനെ കുറിച്ചൊ അതിന്റെ അനന്തര പ്രയാണങ്ങളെ കുറിച്ചൊ ഒന്നും പറയുന്നില്ല.
ശാസ്ത്രം എന്താണ് പറയുന്നത് ? ബ്രെയ്ന്‍ ഡെത്ത് എന്ന നിര്‍വ്വചനം പോലും അടുത്ത കാലത്താണുണ്ടായതെന്ന് തോന്നുന്നു. വാസ്തവത്തില്‍ ദേഹി എന്ന് പറയുന്നത് എന്താണ് ? ഞാന്‍ എന്ന പ്രതിഭാസമാണൊ? ഞാന്‍ എന്നത് ഓര്‍മ്മകളും അനുഭവങ്ങളുമടങ്ങിയ സഞ്ചിതമായ ബോധമാണൊ?
കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു ഹാര്‍ഡ് ഡിസ്‌ക്കാണൊ? അതിന് സയന്‍സ് ഉത്തരം നല്‍കുന്നുണ്ടൊ?
മസ്തിഷ്‌ക്കത്തില്‍ തന്നെ ഈ ബോധം എവിടെ സ്ഥിതി ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞര്‍ക്ക് ലൊക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിഞ്ഞുകൂട. ഇക്കാരണങ്ങളാല്‍ മിസ്റ്ററി മിസ്റ്ററിയായി തുടരുന്നു. ഇതിനെ കുറിച്ചു ജ്ഞാനികള്‍ പലവിധ അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്; അത് തുടരുന്നുമുണ്ട്. അജ്ഞാനിയായ ഇവനെന്തറിയുന്നു!
ഞാന്‍ കടന്നുപോന്ന ഒരു മരണാനുഭവത്തെ കുറിച്ച് പറഞ്ഞു. 1999 ആഗസ്റ്റ് 15 ന് തലശ്ശേരിയില്‍ കുഴഞ്ഞുവീഴുകയും ജീവിതത്തിലേയ്ക്ക് രക്ഷപ്പെടുകയും ചെയ്ത അനുഭവത്തെ ആദ്യത്തെ മരണം എന്ന് പറയാനാവുമോ എന്തോ!
പലരും അവരവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ വിവരിച്ചു.
മരണത്തെ കുറിച്ചുള്ള നമ്മുടെ വിചാരങ്ങള്‍ പങ്ക് വയ്ക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ സല്ലാപം എന്ന വാക്കുപയോഗിക്കുന്നത് വിഷയത്തെ ലാഘവത്തോടെ കാണലാവില്ലെ? ജ്ഞാനികളുടെ സദസ്സില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഒരു കേള്‍വിക്കാരനായിരിക്കാനുള്ള യോഗ്യതയേ എനിക്കുള്ളു എന്ന് തിരിച്ചറിയുന്നു.