കല്‍പറ്റ-ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് 2014ല്‍ കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്രയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ലണ്ടനില്‍നിന്നു റോഡുമാര്‍ഗം കേരളത്തിലേക്ക് യാത്ര ചെയ്ത് അഞ്ചംഗ സംഘം. യു.കെയില്‍ ജോലി ചെയ്യുന്ന കോട്ടയ്ക്കല്‍ എടരിക്കോട് നാറത്തടം പാറമ്മല്‍ മോയ്തീന്‍, കാടമ്പുഴ മാറാക്കര മേലേതില്‍ സുബൈര്‍, കരേക്കാട് വടക്കേപീടിയക്കല്‍ മുസ്തഫ, ദുബായില്‍ ജോലിയിലുള്ള കോട്ടയ്ക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, ഹുസൈന്‍ കുന്നത്ത് എന്നിവരാണ് മെഴ്സിഡസ് വിക്ലാസില്‍ 57 ദിവസങ്ങള്‍കൊണ്ട് 14 രാജ്യങ്ങള്‍ പിന്നിട്ട് കേരളത്തിലെത്തിയത്. ഇവര്‍ക്ക് അത്തിക്കൊല്ലി തറവാട്ടുമുറ്റത്ത് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഷമീം വെട്ടന്‍, കെ.എം.റാഫി, ദാരപ്പന്‍ മൂപ്പന്‍, കേളു അത്തികൊല്ലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പും വില്ലും കൈമാറി സ്വീകരണം നല്‍കി.
സെപ്റ്റംബര്‍ 18നാണ് അഞ്ചംഗ സംഘം ലണ്ടനില്‍നിന്നു യാത്രതിരിച്ചത്. ഫ്രാന്‍സ്, ലക്സന്‍ബര്‍ഗ്, ജര്‍മനി, ഓസ്ട്രിയ, സ്ലോവീനിയ, ക്രോയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, പാകിസ്ഥാന്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയത്. ലണ്ടനില്‍നിന്നു ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ഇന്ത്യയില്‍ എത്തുന്ന പാതയാണ് യാത്രയ്ക്കു തെരഞ്ഞെടുത്തത്. പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്റും മറ്റും വാഹനത്തില്‍ കരുതിയായിരുന്നു യാത്ര. ഇറാനില്‍നിന്നു പാകിസ്ഥാനിലേക്ക് കടന്നശേഷം ബലൂചിസ്ഥാന്‍ പ്രവശ്യ മുതല്‍ കറാച്ചി വരെ പട്ടാള വാഹനങ്ങളുടെ സുരക്ഷയിലായിരുന്നു യാത്ര. വിസ നിഷേധിച്ചതിനാല്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനായില്ല. ഇറാനില്‍നിന്ന് വിമാനമാര്‍ഗം പഞ്ചാബിലെത്തിയാണ് ഇവര്‍ മേഴ്സിഡസില്‍ യാത്ര തുടര്‍ന്നത്. വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന ഉജ്വല സ്വീകരണം നല്‍കിയതായി സംഘാംഗങ്ങള്‍ പറഞ്ഞു.