പൊങ്ങട്ടെ ജയ ഘോഷമതിസ് ലാമു സിന്താബാദ് .... എന്ന് തുടങ്ങുന്ന ടി. ഉബൈദിന്റെ അതിമനോഹരമായ പാട്ട് എത്രയോ കാലം കേരളത്തിലെ മുസ്‌ലിം സംഘടനാ വേദികളിൽ അതത് കാലത്തെ പാട്ടുകാർ ആലപിച്ചിരുന്നു. ആ പാട്ട് എത്ര കണ്ട് ജനത്തെ സ്വാധീനിച്ചുവെന്ന് ആ കാലം അറിയുന്നവർക്കറിയാം. ഫലസ്തീൻ ജനതയുടെ പോരാട്ട വഴിയിൽ സർഗ പ്രവർത്തനങ്ങളും സഹായകമാകട്ടെ എന്നാഗ്രഹിക്കാം. അതിനായി ആവും വിധം പ്രവർത്തിക്കാം. എഴുത്തായി, കവിതയായി, പാട്ടായി, മറ്റു കലാരൂപങ്ങളായി.
ഫലസ്തീൻ പോരാളികൾ എത്രയോ വർഷങ്ങളായി പാട്ടായും കവിതയായും ലോകത്തിന് മുന്നിൽ കണ്ണീരായി പെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇന്റർനെറ്റിന്റെ വ്യാപന കാലത്ത് ഫലസ്തീൻ പോരാട്ടത്തിന്റെ പാട്ടിനും കവിതകൾക്കും റീച്ച് കൂടുതലായത് സ്വാഭാവികം. സ്വീഡിഷ് വരികൾക്ക് കൊല്ലങ്ങൾക്ക് മുമ്പ് ലഭിച്ച ഗാനരൂപം ഇപ്പോൾ ഇംഗ്ലീഷ് ടൈറ്റിൽ സഹിതം വൈറലാണ്. ഫലസ്തീൻ പതാകയുമായി ഓടിയടുക്കുന്ന ആബാലവൃദ്ധം പോരാളികളെ ഒന്നിനു പിന്നാലെ ഒന്നായി ഇസ്‌റായിൽ പട്ടാളക്കാർ വെടിവെച്ചിടുന്നതാണ് പാട്ടിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്നത്. ആ സുന്ദര ശരീരങ്ങൾ തുളച്ചു പായുന്ന വെടിയുണ്ടകൾ എവിടെയോ കിടന്നു കരണം മറിയുമ്പേഴേക്കും വെടിയേറ്റ മനുഷ്യർ പിടഞ്ഞു മരിക്കുന്നു. ഹൃദയമുള്ള മനുഷ്യരെയെല്ലാം ഇളക്കി മറിക്കുന്ന വീഡിയോ. മുഹമ്മദ് ദർവീഷിന്റെ വരികൾ സമീർ ബിൻസി പാടുന്ന വീഡിയോ ഞരമ്പുകളിൽ ആവേശം നിറക്കുന്ന അനേകം അനേകം ഫലസ്തീൻ പാട്ടുകളിൽ ഒന്നു മാത്രം. അവയിപ്പോൾ നിരന്തരം പിറന്നു കൊണ്ടിരിക്കുന്നു.
ഷാർജ അൽ ഖ്വാസ്വിമി യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി തൃശൂർ മാള സ്വദേശി അമീന നൂറ പാടിയ അറബി ഭാഷയിലുള്ള ഫലസ്തീൻ പോരാട്ട പാട്ട് ഇതിനോടകം 50 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം വന്ന വാർത്ത. പാട്ട് കേട്ടത് അധികവും അറബ് ലോകത്തുള്ള മനുഷ്യർ. താൻ ജീവിക്കുന്ന കാലത്ത് നടക്കുന്ന ധർമ സമരത്തിൽ പങ്കാളിയാകാൻ തനിക്കാവുന്ന വഴിയിൽ ശ്രമിച്ചു എന്നാണ് ഈ പാട്ടിനെക്കുറിച്ച് അമീന പറഞ്ഞത്.
ഫലസ്തീനിലെ പോരാടുന്ന ജനതക്കായി ഒരു മലയാളി പെൺകുട്ടി ആലപിച്ച ഈ പാട്ടിലൂടെ ലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സും മലയാളി മനസ്സിനൊപ്പം ഒന്നാവുന്നുണ്ടാകും. ഇതൊക്കെ തന്നെയാണ് ആധുനിക കാലത്തെ വിജയത്തിന്റെ വഴികൾ. ബലപ്രയോഗത്തിലൂടെ ഇസ്‌റായിൽ രാജ്യം സൃഷ്ടിക്കരുതെന്ന് ഇരുപതാം നൂറ്റാണ്ടിൽ തന്നെ ശക്തിപൂർവം പറഞ്ഞ ഗാന്ധിജിയുടെ നാട്ടിലെ ഇളംതലമുറയും ആ വഴിക്ക് തന്നെയെന്ന് ലോകത്തിന് ബോധ്യപ്പെടുന്ന അനേകമനേകം ചലനങ്ങളിൽ ഒന്നു മാത്രം. സർക്കാരുകൾ എവിടെ നിന്നാലും ഇന്ത്യ രാജ്യത്തെ ജനങ്ങൾ പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് രാജ്യത്തെ നിഷ്പക്ഷ ബുദ്ധിജീവികളും സാഹിത്യകാരന്മാരും ചിന്തകരുമെല്ലാം അനുദിനം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഫലസ്തീൻ പോരാട്ടത്തിനെതിരെ ചിന്തിക്കുന്നവരും ന്യായം പറയുന്നവരും ഇന്ന് സമൂഹത്തിലെ വെറുക്കപ്പെട്ടവരായിത്തീരുന്നുണ്ട്. അവർ സമൂഹത്തിനും പാർട്ടികൾക്കുമെല്ലാം ബാധ്യതയായി മാറുകയാണ്.
ജൂത മൂലധന ശക്തികൾ നിയന്ത്രിക്കുന്ന മാധ്യമ ഭീകരതയാണ് ഇസ്‌റായിലിന്റെ ഇത്രയും കാലമായുള്ള ശക്തികളിലൊന്ന്. ഇസ്രായിലിന്റെ നിരന്തര ഭീകര പ്രവർത്തനങ്ങളെ അവർ എത്രയോ കാലമായി മഹത്വവൽക്കരിക്കുന്നു. ഇപ്പറഞ്ഞ മാധ്യമ ഭീകരതക്കെതിരെയുള്ള വളരെ ചെറിയതെങ്കിലും ഫലപ്രദമായ ചെറുത്തു നിൽപുകളാണ് ഈ പറഞ്ഞ ഗാനങ്ങളും കവിതകളുമെല്ലാം. 1974 ൽ യാസർ അറഫാത്ത് യു.എൻ പൊതുസഭയെ അഭിമുഖീകരിച്ചപ്പോൾ ഞാൻ ഒരു കൈയിൽ തോക്കും മറുകൈയിൽ സമാധാനത്തിന്റെ ഒലിവ് കമ്പുമായാണ് നിൽക്കുന്നതെന്ന എക്കാലത്തെയും മനോഹരമായ കവിത തുളുമ്പുന്ന പോരാട്ട വരികൾ പറഞ്ഞിരുന്നു. ടൈം മാഗസിന്റെ അടുത്ത ലക്കം കവർ സ്റ്റോറിയുടെ തലക്കെട്ട് യുഎൻ അണ്ടർ ദി ഷാഡോ ഓഫ് പിസ്റ്റൾ എന്നായിരുന്നു. ഇന്നായിരുന്നുവെങ്കിൽ അതച്ചടിച്ചു വന്ന മാഗസിന്റെ വെബ്‌സൈറ്റിലും പുറത്തും മറുകുറിപ്പും ലേഖന പരമ്പരകളും ഇറങ്ങുമായിരുന്നു. അതാണ് കാലങ്ങൾ തമ്മിലുള്ള വ്യത്യാസം. പാട്ടു പാടിയിട്ടെന്താണ്, കവിത ചൊല്ലിയിട്ടെന്താണ് എന്ന ചോദ്യത്തിനൊന്നും ഒരർഥവുമില്ല. നിങ്ങൾ ആർക്കൊപ്പമാണ് എന്ന കാലത്തിന്റെ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. പൊരുതുന്ന ഫലസ്തീനൊപ്പമോ അതോ, ഇളം പൈതങ്ങളുടെ മേൽ മാരകമായ തീബോംബുകൾ വർഷിച്ച് വംശഹത്യയുടെ പുത്തൻ ചരിത്രം എഴുതുന്ന കിങ്കരന്മാർക്കൊപ്പമോ എന്നതാണ് ആ ചോദ്യം. ക്രൂരതയനുഭവിക്കുന്ന പൈതങ്ങൾക്കൊപ്പമെന്ന് ഉറക്കെയുറക്കെ പാടുകയും പറയുകയും ചെയ്യേണ്ട കാലത്ത് ഒരോരുത്തരും അവരാലായത്- അതാണ് നാമിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കലാ രൂപങ്ങൾ.
എല്ലാ പോരാട്ടങ്ങൾക്കും കലാരൂപങ്ങൾ ശക്തി പകർന്നുവെന്ന് മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. വരിക, വരിക സഹജരെ എന്ന അംശി നാരായണപിള്ളയുടെ പാട്ടായിരുന്നു മലയാളികളെ സ്വാതന്ത്ര്യ സമര ആവേശത്തിലേക്ക് വരിനിർത്തിയതിൽ പ്രധാനപ്പട്ടതെന്ന് ആ കാലം ശ്രദ്ധിക്കുന്നവർക്കറിയാം. ഇപ്പോൾ തൊണ്ണൂറിന്റെ നിറവിലുള്ള പി.കെ. മേദിനിയുടെ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് .. എന്ന പാട്ടു കേൾക്കുമ്പോൾ പുന്നപ്ര വയലാർ സമരത്തിന്റെ ഓർമയും ആവേശവും സിരകളിൽ ഒഴുകിയെത്തും. പൊങ്ങട്ടെ ജയ ഘോഷമതിസ് ലാമു സിന്താബാദ് .... എന്ന് തുടങ്ങുന്ന ടി. ഉബൈദിന്റെ അതിമനോഹരമായ പാട്ട് എത്രയോ കാലം കേരളത്തിലെ മുസ്‌ലിം സംഘടന വേദികളിൽ അതത് കാലത്തെ പാട്ടുകാർ ആലപിച്ചിരുന്നു. ആ പാട്ട് എത്ര കണ്ട് ജനത്തെ സ്വാധീനിച്ചുവെന്ന് ആ കാലം അറിയുന്നവർക്കറിയാം.
ഫലസ്തീൻ ജനതയുടെ പോരാട്ട വഴിയിൽ സർഗ പ്രവർത്തനങ്ങളും സഹായകമാകട്ടെ എന്നാഗ്രഹിക്കാം. അതിനായി ആവും വിധം പ്രവർത്തിക്കാം. എഴുത്തായി, കവിതയായി, പാട്ടായി, മറ്റു കലാരൂപങ്ങളായി.