കോഴിക്കോട് - കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഈ മാസം 23ന് തന്നെ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാറും കോഴിക്കോട് എം.പി എം.കെ രാഘവനും അറിയിച്ചു. നവകേരള സദസിന് വേദിയൊരുക്കാനാണ് കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത്. ആദ്യം അംഗീകരിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്. ഫലസ്തീൻ വിഷയത്തിൽ സി.പി.എമ്മിന്റെ കാപട്യമാണിത് വ്യക്തമാക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമെങ്കിലും മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂർ അടക്കമുള്ള കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഹമാസിനെ ഭീകരവാദികളാക്കിയത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, തരൂരിന്റെ പ്രസ്താവനയിൽ നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്ന് എം.കെ രാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.