തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ വിധി സത്യസന്ധമല്ലെന്നും ലോകായുക്തയുടെ അന്തിമ വിധിക്കെതിരെ ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹരജിക്കാരൻ ആർ.എസ് ശശികുമാർ അറിയിച്ചു. വിധിയിൽ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വിധിയാണിത്. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഇപ്പോൾ ലോകായുക്ത മുട്ടിലിഴയുകയാണെന്നും നിർഭാഗ്യകരമാണിതെന്നും ഇതിന്റെ ഗുണം ഉപലോകായുക്തമാർക്ക് ഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.കെ രാമചന്ദ്രൻ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാർ, തലയിൽ മുണ്ടിട്ട് മുഖ്യമന്ത്രിയുടെ ഇഫ്താർ പാർട്ടിക്ക് പോയ ന്യായാധിപന്മാർ അടക്കമുള്ളവരിൽനിന്ന് സർക്കാർ അനുകൂല വിധിയേ പ്രതീക്ഷിച്ചുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം തീർച്ചയായും അവർക്ക് കിട്ടും. കെ.ടി ജലീലിന്റെ കേസിനേക്കാൾ ഗുരുതര വീഴ്ചയാണ് ഈ കേസിൽ ഉണ്ടായതെന്നും ഹൈക്കോടതിയിൽ പോവുമെന്നും അദ്ദേഹം അറിയിച്ചു. എന്നിട്ടും നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹരജിക്കാരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹരജി ലോകായുക്ത ഇന്ന് തള്ളുകയായിരുന്നു. ഉപലോകായുക്തമാർ വിധി പറയരുതെന്ന ആദ്യഹരജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹരജിയും തള്ളി ലോകായുക്ത ഫുൾബെഞ്ച് കേസിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. വിധി പറയുന്നതിൽനിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്റെ ഹരജിയാണ് ആദ്യം തള്ളിയത്. ശേഷം ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമാകുന്ന വിധിയിൽ, പണം നല്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിച്ചു.