കോഴിക്കോട് - കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിലൂടെ മുഖ്യമന്ത്രി പിണറായിയുടെ ഹിഡൻ അജണ്ടയാണ് വെളിച്ചത്തായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധറൻ എം.പി. ജനാധിപത്യ വിരുദ്ധമാണ് ഭരണകൂടത്തിന്റെ നടപടി. സർക്കാർ ഖജനാവിൽനിന്ന് കോടികൾ പൊടിച്ചുള്ള നവകേരള സദസ്സിന്റെ ധൂർത്തുകൾക്കാണ് ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ഇതോടെ മോഡിയുടെ തനി പകർപ്പാണ് പിണറായിയെന്നും വ്യക്തമായി.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞ് വിമർശിച്ചത് ഇപ്പോൾ വെറുതെയായി. മുഖ്യമന്ത്രിയുടെ സ്‌നേഹം ഫലസ്തീൻ ജനതയോടല്ല, മനസ് ഇസ്രോയിലിന് ഒപ്പമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ മാസം 23ന് കോഴിക്കോട് ബീച്ചിൽ വെച്ചാണ് പരിപാടി നടക്കേണ്ടത്. കോഴിക്കോട് ജില്ലാ കലക്ടറാണ് അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ അതിന്റെ മുന്നൊരുക്കങ്ങൾക്കായി സ്റ്റേജ് ആവശ്യമുള്ളതിനാൽ അനുവദിക്കാനാവില്ലെന്നാണ് ജില്ല ഭരണകൂടം അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.