കോഴിക്കോട് - കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ഇതേ തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുന്നതിനായി പോലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി സൈനബ (57) യെയാണ് കൊലപ്പെടുത്തി കൊക്കയില്‍ ഉപേക്ഷിച്ചതായി പോലീസ് കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി വെളിപ്പെടുത്തിയിട്ടുള്ളത്. നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊല നടത്തിയതെന്നാണ് സൂചന. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നതായി പോലീസ് പറയുന്നു.